കൊച്ചി: പീഡനത്തിന് പരാതി നൽകിയാൽ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും ആസിഡ് ഒഴിച്ചുകൊല്ലുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ഒളിവിൽപ്പോയ മദ്ധ്യവയസ്കനെ കണ്ടെത്താനായില്ല. ഒന്നിലേറെത്തവണ മാനഭംഗപ്പെടുത്തിയതായി യുവതി നൽകിയ പരാതിയിൽ പനങ്ങാട് പൊലീസാണ് അന്വേഷണം നടത്തുന്നത്.
തൃപ്പൂണിത്തുറ ശില്പി ഗാർഡനിൽ താമസിച്ചരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെതിരെ പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. ഫോർട്ടുകൊച്ചി സ്റ്റേഷനിൽ നൽകിയ പരാതിയാണ് പനങ്ങാട്ടേയ്ക്ക് മാറ്റിയത്. ഒളിവിൽപ്പോയ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വിവാഹമോചിതയായ യുവതിയെ ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സിനിമയിൽ അവസരം നൽകാമെന്നറിയിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ യുവതിയെ കൊച്ചിയിൽ വിളിച്ചുവരുത്തി. ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച ഇയാൾ രംഗങ്ങൾ പകർത്തുകയുംചെയ്തു. യുവതിയുടെ കൊലുസും കൈയിലാക്കി. തുടർന്ന് റോഡിലിറക്കിവിട്ടു.
ഭീഷണിപ്പെടുത്തി പലതവണയായി പണവും തട്ടിയെടുത്തു. യുവതി ജോലിചെയ്യുന്ന സ്ഥലത്തെത്തിയും പണം വാങ്ങിയിരുന്നു. പരാതി നൽകുമെന്ന് അഭിഭാഷകൻ മുഖേന യുവതി അറിയിച്ചപ്പോൾ ഒത്തുതീർപ്പുണ്ടാക്കാമെന്നറിയിച്ച് വിളിച്ചുവരുത്തി. കരാറുണ്ടാക്കിയെങ്കിലും യുവതിക്ക് പകർപ്പ് നൽകാതെ ഇയാൾ മുങ്ങി. പരാതി നൽകിയാൽ മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്ന് തുടർന്ന് ഇന്റർനെറ്റ് ഫോൺകോളിലൂടെ ഭീഷണിപ്പെടുത്തി. ഗുണ്ടാസംഘങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നും അറിയിച്ചു. തുടർന്നാണ് യുവതി പരാതി നൽകിയത്.