കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികളായ കെ.ടി. ഷറഫുദീൻ, ഇബ്രാഹിം അലി എന്നിവരുടെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. തിരുവനന്തപുരത്തുനിന്നു സ്വർണം കേരളത്തിലെ വിവിധ ഇടങ്ങളിലെത്തിച്ച വാഹനങ്ങളുടെ ഡ്രൈവർമാരാണെന്നും കുറ്റകൃത്യത്തിൽ ഇതിൽ കൂടുതൽ പങ്കാളിത്തമില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചത്.
എന്നാൽ പ്രതികൾക്കു ജാമ്യം നൽകരുതെന്ന ശക്തമായ നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്കു ദുബായിൽനിന്ന് അയച്ച നയതന്ത്ര പാഴ്‌സലിന്റെ മറവിൽ ഇന്ത്യയിലേക്ക് സ്വർണം കടത്തിയ കേസിൽ പ്രതികൾക്കു നിർണായക പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻ.ഐ.എ കോടതിയെ അറിയിച്ചു.
പ്രതി ഇബ്രാഹിം അലിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ദേശവിരുദ്ധ സ്വഭാവമുള്ള ഉള്ളടക്കം കണ്ടെത്തിയതായും രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങളാണു പ്രതിയുടെ ഫോണിൽ കണ്ടെത്തിയതെന്നും എൻ.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിനു ശേഷമാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.