കൊച്ചി: അരനൂറ്റാണ്ടിലേറെ മലയാള കവിതയുടെ ആത്മാവായിരുന്നു എസ്. രമേശൻനായരെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളസാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും തീരാനഷ്ടമാണ് കവിയുടെ വിയോഗം. രമേശൻനായരുടെ വരികൾ മലയാളസിനിമയെ ഭാവസാന്ദ്രമാക്കി. ചലച്ചിത്രഗാനരചയിതാവെന്ന നിലയിലാണ് കൂടുതൽ പ്രശസ്തനായതെങ്കിലും അതിലും എത്രയോ മുകളിലായിരുന്നു കവി.
ശ്രീനാരായണ ഗുരുദേവന്റെ ആത്മീയചൈതന്യം വരികളിൽ ആവാഹിച്ച ഗുരുപൗർണമി അനശ്വരകൃതിയാണ്. ഗുരുവായൂരപ്പഭക്തർക്ക് എക്കാലവും പ്രിയപ്പെട്ടതാണ് രമേശൻനായർ രചിച്ച മയിൽപ്പീലിയിലെ ഗാനങ്ങൾ. തിരുക്കുറളിന് രമേശൻനായരുടെ വിവർത്തനംപോലെ ആധികാരികവും ലളിതവുമായ മറ്റൊന്നുണ്ടാവില്ലന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുരസ്‌ക്കാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും വ്യക്തിജീവിതത്തിലെ വിനയവും ലാളിത്യവും അദ്ദേഹം കൈവിട്ടില്ല. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.