കൊച്ചി: ലോക്ക്ഡൗൺ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ടുപിടിച്ച സ്വയംതൊഴിൽ സംരംഭം പാരയായി. ഗൂഗിൾ പേയിലൂടെ പണം നൽകിയാൽ മദ്യം 'ഹോം ഡെലിവറി' നൽകുന്ന സംരംഭത്തിനാണ് ഗാന്ധിനർ സ്വദേശി മോൻസി ജോർജ് (50) തുടക്കമിട്ടത്. ഇക്കാര്യം വിശദമാക്കി മോൻസി ഇറക്കിയ വിസിറ്റിംഗ് കാർഡ് രൂപത്തിലുള്ള പരസ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ എക്സൈസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ ആളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ബാറും ബിവറേജസ് ഷോപ്പും തുറന്നതിന് പിന്നാലെയാണ് 'വി ഹെൽപ്പ്' എന്ന സംരംഭവുമായി മോൻസി മദ്യപന്മാർക്ക് മുന്നിൽ അവതരിച്ചത്. മൂന്ന് ലിറ്റർ മദ്യം ബില്ലോടു കൂടി പറഞ്ഞയിടത്ത് എത്തിക്കുമെന്നായിരുന്നു ഓഫർ. നൂറു രൂപയാണ് കമ്മിഷൻ. കൊവിഡ് കാലത്തെ നെടുനീളൻ ക്യൂവിൽ നിൽക്കാൻ മടിച്ചവരെല്ലാം മോൻസിയുടെ ഫോണിന്റെ സ്വൈരം കെടുത്തി. മറ്ര് 'ലോക്ക്ഡൗൺ' ബിസിനസെല്ലാം പാളീസായ മോൻസി ഹോംഡെലിവറിയിൽ പച്ചപിടിച്ചു വരുന്നതിനിടയിലാണ് എക്സൈസിന്റെ പിടിവീണത്.
നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നെന്നും മേലിൽ ഇത്തരം പരിപാടി നടത്തില്ലെന്നും മോൻസി എക്സൈസിന് വാക്കു നൽകി. രണ്ട് പതിറ്റാണ്ടായി നിയമപുസ്തകം ഉൾപ്പെടെ കൊണ്ടുനടന്ന് വിറ്റ് ഉപജീവനം കഴിച്ചിരുന്നയാളാണ് മോൻസി. പരസ്യം നൽകി മദ്യം വിതരണം ചെയ്തതിന് അബ്കാരി നിയമം 55എച്ച് പ്രകാരമാണ് കേസ്.
മോൻസിയുടെ ഓഫറുകൾ
നഗരത്തിന്റെ 10കിലോ മീറ്ററിൽ എവിടെയും മദ്യം എത്തിക്കും
ഓർഡർ 8മണിക്ക് മുന്നേ നൽകിയാൽ ഉച്ചയോടെ ഡെലിവറി
എട്ടുമണിക്ക് ശേഷമാണെങ്കിൽ വൈകും
കൂടുതൽ ഓർഡർ വന്നാലും ആളെ ഇറക്കി ഇടപാട് ഉറപ്പാക്കും
മൂന്ന് ലിറ്ററിൽ കൂടുതൽ നൽകില്ല
വിഷയം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കേസ് എടുക്കാൻ നിർദ്ദേശിച്ചു. ഇന്നലെ ഇയാളെ അറസ്റ്രും ചെയ്തു. ഇത്തരം ഇടപാടുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്.
എ.ടി അശോക് കുമാർ
ഡെപ്യൂട്ടി കമ്മിഷൻ, കൊച്ചി