മൂവാറ്റുപുഴ: ഡിജിറ്റൽ മൂവാറ്റുപുഴ പദ്ധതിക്ക് മാത്യു കുഴൽനാടൻ എം.എൽ.എ തുടക്കം കുറിച്ചു. ഇന്റർനെറ്റ് വേഗത കൂട്ടി എല്ലാ വിദ്യാർത്ഥികൾക്കും തുല്ല്യത ഉറപ്പു വരുത്തുന്നതിനാണ് 4ജി പദ്ധതി നടപ്പിലാക്കുന്നത്. റിലയൻസ് ജിയോയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ധാരണാ പത്രം ഒപ്പ് വെച്ചു. കേരളത്തിലെ 4ജി ആക്കുന്ന ആദ്യ നിയേജക മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ.
ഒരു മാസത്തിനുള്ളിൽ മണ്ഡത്തിൽ എല്ലായിടത്തും 4ജി ലഭ്യമാക്കുമെന്നാണ് ധാരണ. അതിന് ശേഷം മണ്ഡലത്തിൽ എവിടെയെങ്കിലും 4ജി നെറ്റ്‌വർക്ക് ലഭ്യമല്ലെങ്കിൽ ഉപഭോക്താവിന് പരാതി അറിയിക്കാവുന്നതാണ്. ഉടൻ തന്നെ പരിഹാരം കാണുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.വിവിധ ടെലികോം ഉപഭോക്താക്കളുമായി പദ്ധതിയുടെ നടത്തിപ്പിനായി ചർച്ച നടത്തിയെങ്കിലും ആരും തയാറാകാതിരുന്ന സാഹചര്യത്തിൽ റിലയൻസ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ഘട്ടം ഗവൺമെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കും. പ്രിൻസിപ്പൽമാരും പഞ്ചായത്ത് പ്രസിഡന്റുമാരും എം.എൽ.എയും ചേർന്ന് നേതൃത്വം നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 101 മൊബൈൽ ഫോണുകൾ ഇന്നലെ എം.എൽ.എയുടെ നേതൃത്വത്തിൽ വാങ്ങി വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് ഡിജിറ്റൽ മൂവാറ്റുപുഴ പദ്ധതിയിലേക്ക് രണ്ട് ലക്ഷം രൂപ ആദ്യ ഗഡുവായി നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ പ്രോജക്ട് വിശദീകരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്. തോമസ് , അഡ്വ. ജോണി മെത്തിപ്പാറ (റോട്ടറി ക്ലബ് മൂവാറ്റുപുഴ), സിബി ജയിംസ് (പ്രസിഡന്റ് റോട്ടറി ക്ലബ് മൂവാറ്റുപുഴ), ഹരികൃഷ്ണൻ, ജയശങ്കർ, ശ്രീനാഥ് വിഷ്ണു, ഡോ. കെ.വി. തോമസ് (നിർമല കോളജ് പ്രിൻസിപ്പൽ), പ്രശാന്ത് പണിക്കർ (ഡപ്യൂട്ടി ജനറൽ മാനേജർ റിലയൻസ് ജിയോ), ഡോ. ജോബി പരപ്പുറം എന്നിവർ പങ്കെടുത്തു.