കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ മരംകൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തീർത്തും അപ്രസക്തമായ ബ്രണ്ണൻ കോളേജ് വിവാദത്തിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
57 വർഷം മുമ്പ് കലാലയ രാഷ്ട്രീയത്തിൽ നടന്ന സംഭവത്തിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. ഈ വിവാദം അവസാനിപ്പിക്കണമെന്നും വാർത്താ സമ്മേളനത്തിൽ സതീശൻ അഭ്യർത്ഥിച്ചു.
വിവാദപരാമർശങ്ങൾ താൻ അഭിമുഖത്തിൽ പറഞ്ഞതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വഹിക്കുന്ന പദവിയുടെ മഹത്വം മറന്നാണ് പത്രസമ്മേളനത്തിൽ 40 മിനിറ്റ് സുധാകരനെ മുഖ്യമന്ത്രി ആക്ഷേപിച്ചത്. ഇതിന് സുധാകരന്റെ മറുപടി അനിവാര്യമായിരുന്നു.
സി.പി.എമ്മിന് സുധാകരനെ ഭയമാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായപ്പോൾ എ.വിജയരാഘവനും എ.കെ.ബാലനും വ്യക്തിപരമായി ആക്ഷേപിച്ചു.
എട്ടു ജില്ലകളിൽ നിന്ന് കോടികളുടെ മരമാണ് കൊള്ളയടിച്ചത്. തെറ്റുപറ്റിയെന്ന് റവന്യൂ സെക്രട്ടറി പറയുമ്പോഴും മന്ത്രിമാർ ന്യായീകരിക്കുകയാണ്. മരംകൊള്ളയ്ക്കെതിരെ ജൂൺ 24ന് യു.ഡി.എഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും സതീശൻ അറിയിച്ചു.