പറവൂർ: സ്മൃതി, നിനവ്, ദൃശ്യം, തൂലിക, ചെരാത്, സർഗം തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ നമ്മുടെ മനസിലേക്കോടിയെത്തുക മാഗസിനുകളുടെ പേരുകളാണ്. എന്നാൽ ഈ പേരുകളിൽ മാത്രമല്ല ഇംഗ്ലീഷിലും മറ്റു ഭാഷയിലുമുള്ള അമ്പത്തിനാല് ഡിജിറ്റൽ മാഗസിനുകളാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ അഭിജ്ഞാനം എന്ന പേരിൽ വായനദിനത്തിൽ പ്രകാശിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മാഗസിൻ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയത്. ഓരോ ക്ലാസും സ്കൂളിലെ വിവിധ ക്ലബുകളും മാഗസിൻ തയ്യാറാക്കി.
എല്ലാം മാഗസിനുകളും ഡിജിറ്റലാക്കിയതിനാൽ ഓൺലൈനിൽ ലഭിക്കും. അമ്പത്തിനാല് മാഗസിനുകളിലും ഒാരോന്നിനും പ്രത്യേകം ചിത്രമുണ്ട്. ഓരോ ചിത്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓരോന്നായി വായിക്കാനാവും. മാഗസിൻ പ്രകാശനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ റീജിണൽ ഡയറക്ടറും ദേശീയ അവാർഡ് ജേതാവുമായ ഡോ. അനിൽകുമാർ വടവാതൂർ ഓൺലൈനായി നിർവഹിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ഡി.ഇ.ഒ എൻ.ഡി. സുരേഷ്, ഡയറ്റ് ലക്ചറർ യു. മുഹമ്മദ് റാഫി, എ.ഇ.ഒ കെ.എൽ. ലത, ബി.പി.സി പി.കെ. മണി, സുനിൽ പ്രഭാകർ, സി.എസ്. ജയദേവൻ, പിപി. സുകുരമാരൻ, ഷൈനി രാധാകൃഷ്ണൻ, ടി.പി. ജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.കെ. സുരജ് എന്നിവർ പങ്കെടുത്തു.