പിറവം: ജൽജീവൻമിഷന്റെ പദ്ധതികൾ നടപ്പിലാക്കുമ്പോൾ പഞ്ചായത്ത് വിഹിതം സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വേണ്ടി വരുന്ന അധിക തുകയ്ക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് ദീർഘ കാലാവധിയുള്ള പലിശ രഹിത വായ്പകൾ ലഭ്യമാക്കുകയോ വേണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് എം.എൽ.എ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.ഉയർന്ന പ്രദേശങ്ങളിൽ ഒൻപത് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല സംഭരണി സ്ഥാപിക്കാനും പദ്ധതിയിൽ രൂപരേഖയുണ്ട്. ഇലഞ്ഞി, തിരുമാറാടി, രാമമംഗലം, പാമ്പാക്കുട ഗ്രാമ പഞ്ചായത്തുകളിലായി നൂറു കോടിയിലധികം രൂപയുടെ ശുദ്ധ ജല പദ്ധതികൾക്കാണ് ലക്ഷ്യമിടുന്നത്. ആമ്പല്ലൂർ, മണീട് പഞ്ചായത്തുകൾ കേന്ദ്രമാക്കി പ്രതിദിനം 19 ദശലക്ഷം ലിറ്റർ കുടിവെള്ളമെത്തിക്കാൻ പര്യാപ്തമായ രീതിയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 103 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. യോഗത്തിൽ തോമസ് ചാഴിക്കാടൻ എം.പി, ബ്ലോക്ക് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പദ്ധതി നടത്തിപ്പ് ചുമതലയുള്ള ജല അതോറിറ്റി മൂവാറ്റുപുഴ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ അനിൽ കുമാർ, മൂവാറ്റുപുഴ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഹരികൃഷൻ.എം തുടങ്ങിയവർ പങ്കെടുത്തു.