lorry
ആലുവ യു.സി കോളേജിന് സമീപം ഇരുചക്ര വാഹന യാത്രികനായ യുവാവിന്റെ ജീവനെടുത്ത ട്രെയിലർ ലോറി അലക്ഷ്യമായി റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നു

ആലുവ: യു.സി കോളേജിന് സമീപം ഇരുചക്ര വാഹന യാത്രികനായ യുവാവിന്റെ ജീവനെടുത്തത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ ലോറി അലക്ഷ്യമായി റോഡരികിൽ പാർക്ക് ചെയ്തതാണെന്ന് ആക്ഷേപം. യാതൊരുവിധ സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്താതെയാണ് യു.സി കോളേജ് പോസ്റ്റോഫീസിന് സമീപം ലോജിസ്റ്റിക്സ് ലോറി ഒരാഴ്ചയോളമായി പാർക്ക് ചെയ്തിരുന്നത്.

തെരുവ് വിളക്ക് ഇല്ലാത്തതിനാൽ സന്ധ്യയായാൽ ഈ ഭാഗത്ത് കൂരിരുട്ടാണ്. മഴ കൂടി പെയ്താൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളൊന്നും ശ്രദ്ധയിൽപ്പെടുകയുമില്ല. ഇതാണ് ആലുവ തോട്ടയ്ക്കാട്ടുകര പള്ളിപ്പറമ്പിൽ തോമസിന്റെ മകൻ ഹാർഡി തോമസി (20) ന്റെ ജീവനെടുത്തത്. ശനിയാഴ്ച രാത്രി കരുമാല്ലൂരിൽ സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം മടങ്ങി വരുമ്പോഴാണ് ലോറിക്ക് പിന്നിൽ ഹാർഡി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചത്. അപകടമുണ്ടായ ശേഷമാണ് ഇവിടെ പ്ളാസ്റ്റിക്ക് വള്ളികൾ കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ച്ച മുമ്പ് മറ്റൊരു വാഹനത്തിൽ ഉരസിയതുമായി ബന്ധപ്പെട്ടാണ് ട്രെയിലർ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.

ഹാർഡി തോമസിന്റെ മൃതദേഹം തോട്ടക്കാട്ടുകര സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.