കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് എറണാകുളം ജില്ല. ഒന്നാം സ്ഥാനം പഞ്ചാബിലെ അമൃത്‌സറിനാണ്. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് 2019ൽ നടന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ലഹരിവിപത്തിൽ നിന്ന് യുവാക്കളെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ആരംഭിക്കുകയാണ്. സാമൂഹ്യനീതി വകുപ്പുവഴി
നടപ്പാക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത പ്രവർത്തനങ്ങൾക്ക് 26ന് തുടക്കമാകും . 'കൈകോർക്കാം ലഹരിക്കെതിരായി... ലഹരിവിമുക്ത എറണാകുളം' എന്ന പദ്ധതിയിൽ കുടുംബശ്രീയും പങ്കുചേരും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കും ബാലസഭ കുട്ടികൾക്കുമുള്ള വെബിനാറുകൾ ഈ കാലയളവിൽ സംഘടിപ്പിക്കും. കുടുംബശ്രീയുടെ ജെൻഡർ വിഭാഗത്തിലെ പരിശീലനം നേടിയ കമ്മ്യൂണിറ്റി കൗൺസിലർമാർ ഓൺലൈൻ വെബിനാറുകൾ നയിക്കും.
വെബിനാറുകൾ
ജില്ലയിലെ 101 സി.ഡി.എസുകളിൽ 27, 28, 29 തീയതികളിലായി വെബിനാർ സംഘടിപ്പിക്കും. വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളായ 1100 പേർ പങ്കെടുക്കും. ഇവർ പിന്നീട് അയൽക്കൂട്ട തലങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. കുറഞ്ഞത് ഒരു ലക്ഷം അംഗങ്ങളിലേക്ക് ലഹരിവിമുക്ത പദ്ധതിയുടെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
ജൂലായ് 10, 11 തീയതികളിൽ 4000 ബാലസഭ കുട്ടികൾക്കായും ലഹരിവിരുദ്ധ വെബിനാറുകൾ സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, തീം ഡാൻസ്, ട്രോൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ മത്സരം നടത്തും. ലഹരിയെന്ന ദുശീലത്തിൽനിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന വ്യക്തികളെ കണ്ടെത്താനും അവരെ ലഹരിവിമോചനകേന്ദ്രത്തിൽ എത്തിക്കുന്നതിനും കുടുംബശ്രീ സഹായിക്കും. കുടുംബശ്രീയുടെ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, ജെൻഡർ റിസോഴ്‌സ് സെന്ററുകൾ മുഖേന ഇത്തരം പിന്തുണകൾ ഉറപ്പാക്കും
വിപുലമായ പദ്ധതി
നെഹ്റു യുവജനകേന്ദ്ര ഉൾപ്പെടെ നിരവധി ഏജൻസികൾ ഇത്തവണത്തെ പരിപാടിയിൽ സഹകരിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ധാരാളം പരാതികൾ അയൽക്കൂട്ടങ്ങളിൽ ലഭിക്കാറുണ്ട്. എന്നാൽ പരിശീലനത്തിന്റെ അഭാവം മൂലം പ്രവർത്തകർക്ക് വേണ്ട ഇടപെടലുകൾ സാദ്ധ്യമായിരുന്നില്ല. ലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ കൗൺസലിംഗ് നൽകുന്നതിനും ഇത്തവണ മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്.
രഞ്ജിനി .എസ്
കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ