വൈപ്പിൻ: മാറിയ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളുടെ മുഖം മാറണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. നവീന സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ വിനിയോഗിച്ച് അറിവിന്റെ ഉദാത്തകേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ പരിവർത്തനം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്കുതല വായനപക്ഷാചരണം ഓച്ചന്തുരുത്ത് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.

കലാമണ്ഡലം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ലിറ്റിഷ്യ ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, എ.ഇ.ഒ ബിന്ദു ഗോപി, എ.പി. പ്രിനിൽ, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.