പെരുമ്പാവൂർ: ആദിവാസി , ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ക്ഷേമ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവൺമെന്റ് സമഗ്രമായ നിയമനിർമാണം നടത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുള്ള നയത്തിൽ ഊന്നിയുള്ള നിയമനിർമാണം നടപ്പിലാക്കിയാൽ മാത്രമേ ഇവരുടെ സമഗ്രമായ പുനരധിവാസം നടപ്പിലാക്കാൻ സാധിക്കുക വഴി അവരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാരുകളുടെ നിസംഗത വെളിപ്പെടുത്തുന്ന സമീപനമാണ് നിലവിൽ സ്വീകരിച്ചുവരുന്നത്. വിദ്യാഭ്യാസ ജില്ലയിലെ പൊങ്ങിൻച്ചുവട് ,മാമലക്കണ്ടം, കുട്ടമ്പുഴ സ്‌കൂളുകളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ഒരു അദ്ധ്യാപക പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. കൊവിഡ് സമാശ്വാസ സാന്ത്വന പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.