k-sudhakaran

കൊച്ചി: കോൺഗ്രസ് നേതാക്കളുടെ പതിവു രീതി​കളി​ൽ നി​ന്ന് വ്യത്യസ്തമായിരുന്നു കെ.പി​.സി​.സി​ പ്രസി​ഡന്റ് കെ.സുധാകരന്റെ പത്രസമ്മേളനം. ഏറെ ആകാംക്ഷയോടെ നിരവധി​ കോൺ​ഗ്രസ് പ്രവർത്തകരും ഡി​.സി​.സി​ ഓഫീസി​ലെ ഹാളി​ൽ തി​ങ്ങി​ക്കൂടി​. പല ഘട്ടങ്ങളിലും ഇവർ കൈയ്യടിച്ചും ആർപ്പ് വിളിച്ചും സുധാകരനെ പ്രോത്സാഹിപ്പിച്ചു.

രണ്ട് നല്ലവാക്ക് പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുകയാണെന്നു പറഞ്ഞ സുധാകരൻ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ചു. തന്റെ ചുറ്റിലും നിന്ന് കരുത്ത് പകരേണ്ട 28 കുട്ടികളെ പലപ്പോഴായി​ വെട്ടിനുറുക്കി കൊന്നതിനോടായിരുന്നു എതിർപ്പ്. മാഹി പുഴയുടെ തീരത്ത് റീത്ത് വച്ച് ആ കബന്ധങ്ങൾ ഏറ്റ് വാങ്ങുമ്പോൾ വിങ്ങിത്തുടിച്ച മനസുമായി നിന്ന രാഷ്ട്രീയ നേതാവാണ് ഞാൻ. എനിക്ക് വികാരമുണ്ടാകും. സി.പി.എമ്മിന്റെ പത്താളുകളെ കൊന്നുകളയാമെന്ന് സുധാകരൻ ചിന്തിച്ചിട്ടില്ല. അത് എന്റെ അടിസ്ഥാനപരമായ രാഷ്ട്രീയ വിശ്വാസമാണ്. ചെറുത്ത് നിന്നിട്ടുണ്ട്. തിരിച്ചടിച്ചിട്ടില്ല. ഒരു കൊലപാതകം മാത്രമാണ് കൈപ്പി​ഴയായി കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിണറായി വിജയനോട് വ്യക്തിപരമായി വിദ്വേഷമില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ബഹുമാനമുണ്ട്. തെറ്റ് ചെയ്താൽ അത് തിരുത്തിക്കാൻ പരിശ്രമിക്കും. അത് എന്റെ ബാദ്ധ്യതയാണ്. നിറവേറ്റാൻ ശ്രമിക്കും.