കൊച്ചി: രാജ്യത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്നും തലവേദനയായ 'നിയമപുസ്തകം തെരയലിന്' മൊബൈൽ ആപ്പിലൂടെ പരിഹാരം കണ്ടിരിക്കുകയാണ് മലയാളി വെഹിക്കിൾ ഇൻസ്പെക്ടർ. മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും എളുപ്പത്തിൽ ലഭിക്കുന്ന ആപ്പ് സ്വന്തമായി നിർമ്മിച്ചാണ് എറണാകുളം ആർ.ടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർ സി.എം അബ്ബാസ് മണിക്കൂറുകൾ നീളുന്ന നിയമ പരിശോധനയ്ക്ക് അന്ത്യം കുറിച്ചത്.
രാജ്യത്ത് വർഷം 15 മുതൽ 20 വരെ ഭേദഗതികളാണ് മോട്ടോർ വാഹന നിയമത്തിൽ വരുന്നത്. ഇതു പുസ്തമായി എത്താൻ അഞ്ച് വർഷമെങ്കിലും കാത്തിരിക്കണം. ഇങ്ങനെ മാറിവരുന്ന ഭേദഗതികൾ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കാറാണ് പതിവ്.
14 മാസത്തെ പ്രയത്നത്തിനൊടുവിൽ മേയ് 15നാണ് മോട്ടോർ വെഹിക്കിൾസ് ആക്ട് ആൻഡ് റൂൾസ് എന്ന ആപ്പ് പുറത്തിറക്കിയത്. ആപ്പിനെ പ്രശംസിച്ചവരിൽ മിനിസ്ട്രി ഒഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസുമുണ്ട്.
2020 ഏപ്രിൽ ലോക്ക്ഡൗൺ സമയത്താണ് അബ്ബാസ് ആപ്ലിക്കേഷന്റെ പണി ആരംഭിച്ചത്. പുസ്തക രൂപത്തിലുള്ള ഡിസൈനടക്കം അബ്ബാസിന്റെ വകയാണ്. ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ വേണ്ട സഹായങ്ങൾക്ക് സുഹൃത്ത് രാഗേഷും സഹായിച്ചു.
മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് മറ്റു പല ആപ്ലിക്കേഷനുകളും ഉണ്ടെങ്കിലും അവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറില്ല. രാജ്യത്താകെയുള്ള സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിന് പ്രത്യേക മൊബൈൽ ആപ്പുമില്ല. പ്ലേ സ്റ്റോറിൽ നിന്ന് 5000ലധികം ആളുകൾ അബ്ബാസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജിയർ കോഡും കേരള പൊലീസ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
ആപ്പിന്റെ പ്രത്യേകത
ഏഴ് 'പുസ്തകങ്ങളിലായി' സമഗ്ര വിവരം
രണ്ടെണ്ണം കേരളത്തിലെ നിയമങ്ങൾ
കൃത്യമായ അപ്ഡേഷൻ
എളുപ്പത്തിൽ കൈകാര്യം ചെയ്യാം
പ്രതിദിന നിയമ ബോധവത്കരണം
കേരള മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ബുക്ക് രൂപത്തിൽ മാത്രമാണ് ലഭിക്കുന്നത്. ഇവയുടെ സോഫ്റ്റ് കോപ്പി ലഭ്യമല്ലാത്തതിനാൽ നിരവധി പേജുകളുള്ള ഇതിൽ നിന്ന് ഒരു നിയമമോ ചട്ടമോ വേഗത്തിൽ കണ്ടെത്താൻ കഴിയുക പ്രയാസമാണ്. ഇതാണ് ഈ ആപ്പിന് പ്രചോദനം.
സി.എം.അബ്ബാസ്