നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പേഴ്‌സും പണവും നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയ്ക്ക് സഹായമെത്തിച്ച സിവിൽ പൊലീസ് ഓഫീസർ പി.എസ്. രഘുവിന് നന്ദിയറിയിച്ച് ഫ്രഞ്ച് കോൺസുലേറ്റ്. ഡെപ്യൂട്ടി കോൺസൽ നേരിട്ട് വിളിച്ചാണ് രഘുവിന് നന്ദിയറിയിച്ചത്.
കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഫ്രഞ്ച് വനിതയായ ഡെസ്മാസൂർ ഫ്ളൂറിനെയും മൂന്ന് വയസുകാരനായ മകനെയും കളമശേരി മെഡിക്കൽ കോളേജ് പരിസരത്തു വെച്ചാണ് കളമശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലെ രഘുവും സഹപ്രവർത്തകരും കണ്ടെത്തുന്നത്. കൊവിഡ് രോഗിയായ വിദേശ വനിത മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നെന്ന് ആരോ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്.
ഇവരെ കണ്ടെത്തി വിവരങ്ങൾ തിരക്കിയപ്പോൾ എയർപോർട്ടിൽ വെച്ച് പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെതുടർന്ന് ഇവിടെ കുടുങ്ങിയതാന്നെന്ന് വ്യക്തമായി. കൊവിഡ് ഭീതിയിൽ ആളുകൾ സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഇവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് രഘുവായിരുന്നു. രഘുവിന്റെ മാതൃകാപരമായ പ്രവർത്തി മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പ്രശസ്തി പത്രവും കാഷ് അവാർഡും നൽകി ആദരിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം യുവതി എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വൈറലായതോടെയാണ് കോൺസുലേറ്റിൽ നിന്നും രഘുവിന് നേരിട്ട് വിളിയെത്തിയത്.