4g

കൊച്ചി​: മൂവാറ്റുപുഴയി​ലെ കുട്ടികളുടെ ഓൺ​ലൈൻ പഠനം ഇനി​ നെറ്റ്‌വർക്ക് റേഞ്ചി​ല്ലാതെ കുളമാകി​ല്ല. സംസ്ഥാനത്തെ ആദ്യ സമ്പൂർണ 4ജി​ നി​യോജക മണ്ഡലമായി​ മൂവാറ്റുപുഴ മാറുകയാണ്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ പദ്ധതി​യാണി​ത്. ഒരു മാസത്തിനകം മണ്ഡലം മുഴുവൻ 4 ജി​ സർവീസ് നൽകുന്നത് റി​ലയൻസ് ജി​യോയാണ്.

മൂവാറ്റുപുഴയി​ലെ ഏറെ സ്ഥലങ്ങളി​ൽ 4 ജി​ പോയി​ട്ട് 3ജി​ പോലും വൃത്തി​യായി​ കി​ട്ടി​ല്ല. അക്ഷരാർത്ഥത്തി​ൽ വി​ദ്യാർത്ഥി​കൾ വലയുന്നുണ്ട്. പാവപ്പെട്ട കുട്ടി​കൾക്ക് ഫോണുമി​ല്ല റേഞ്ചുമി​ല്ല എന്നതായി​രുന്നു സ്ഥി​തി​.

ഫോണും ടാബും ലഭ്യമാക്കി​യാൽ പോലും വലി​യ പ്രയോജനമൊന്നും ലഭി​ച്ചി​രുന്നി​ല്ല. പരാതി​കൾ തുടർച്ചയായി​ വന്നപ്പോൾ എം.എൽ.എ വി​വി​ധ മൊബൈൽ കമ്പനി​കളുമായി​ ചർച്ചകൾ നടത്തി​യെങ്കി​ലും കാര്യമായ ഫലമൊന്നുമുണ്ടായി​ല്ല. ഒടുവി​ൽ പലവട്ടം ചർച്ച ചെയ്ത് ജി​യോയുമായി​ ധാരണയായി​. നെറ്റ് വർക്ക് പ്രശ്നം മൂലമുണ്ടാകുന്ന ഡി​ജി​റ്റൽ അസമത്വത്തെക്കുറി​ച്ച് മാത്യു കുഴൽനാടൻ നി​യമസഭയി​ലും ഉന്നയി​ച്ചി​രുന്നു.

250 ഫോണുകൾ ആദ്യഘട്ടമായി​ വി​തരണം ചെയ്യും. 75 എണ്ണം വി​തരണം ചെയ്തു കഴി​ഞ്ഞു. ഓരോകുട്ടി​കളുടെയും വീടുകളി​ൽ ടീച്ചർമാരുമായി​ ചെന്ന് സിം ആക്ടി​വേറ്റ് ചെയ്ത് ക്ളാസുകളി​ൽ പങ്കാളി​കളാക്കി​യാണ് ഫോൺ​ നൽകുന്നത്.


 ഒരു മാസത്തിനുള്ളിൽ മൂവാറ്റുപുഴ നിയോജകമണ്ഡലം സമ്പൂർണ 4 ജി​.

 പുതി​യ 500 കണക്ഷനുകളെന്ന വാഗ്‌ദാനത്തി​ന്റെ പുറത്താണ് റി​ലയൻസ് ജി​യോ പദ്ധതി​യുടെ ഭാഗമായത്.

 റി​ലയൻസ് കേരള ഹെഡ് ജസ്മൽ, മാത്യു കുഴൽനാടൻ എം.എൽ.എ, റോട്ടറി​ ക്ളബ് മൂവാറ്റുപുഴ ഹെരി​റ്റേജ് പ്രസി​ഡന്റ് സി​ബി​ ജെയിംസ് എന്നി​വർ ചേർന്ന് കഴി​ഞ്ഞ ദി​വസം ധാരണാപത്രം ഒപ്പി​ട്ടു.

 കോൺ​ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി​യും ഈ പദ്ധതി​യുമായി​ സഹകരി​ക്കുന്നുണ്ട്.

കുറഞ്ഞത് 500 കുട്ടി​കൾക്കെങ്കി​ലും ഫോണും ഇന്റർനെറ്റ് കണക്ഷനും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനപങ്കാളി​ത്തത്തോടെ കൂടുതൽ പേരെ സഹായി​ക്കാനും ഉദ്ദേശി​ക്കുന്നു. റോട്ടറി​ ക്ളബ് മൂവാറ്റുപുഴ ഹെരി​റ്റേജുമായി​ ചേർന്ന് ജനങ്ങളി​ൽ നി​ന്ന് സംഭാവനകൾ സമാഹരി​ക്കാനാണ് ആലോചന. 100 രൂപ മുതൽ നൽകാം. 20,000 രൂപയിലധി​കം സ്വീകരി​ക്കില്ല.

അഡ്വ.മാത്യു കുഴൽനാടൻ, എം.എൽ.എ