co-vaccine

കൊച്ചി: കാത്തിരിപ്പ് അവസാനിപ്പിക്കാം. ജില്ലയിൽ 12,000 ഡോസ് കോവാക്സിൻ എത്തി. നാല് ദിവസത്തേക്കുള്ള കരുതൽ ശേഖരമാണിത്. 25ന് കൂടുതൽ എത്തും. ഇതോടെ കോവാക്സിൻ ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. കോവാക്സിൻ രണ്ടാം ഡോസ് കുത്തിവയ്പ് നീണ്ടുപോകുന്നതിൽ ആളുകൾ ആശങ്കയിലായിരുന്നു. ഇതിനിടെയാണ് കേന്ദ്രവിഹിതം എത്തിയത്. ഒരു ലക്ഷം കോവിഷീൽഡും ജില്ലയിൽ എത്തിയിട്ടുണ്ട്. 24 വരെയുള്ള വാക്സിൻ കരുതൽ ശേഖരത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കോവാക്‌സിൻ ലഭിക്കുന്നത്. ജൂൺ അഞ്ചിനാണ് അവസാനം ലഭിച്ചത്. ഇവ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നതോടെ എല്ലാ ജില്ലകളിലും കോവാക്‌സിൻ ക്ഷാമം രൂക്ഷമായി. രണ്ടാം ഡോസെടുക്കേണ്ടവർ പരിഭ്രാന്തിയിലുമായി. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ കോവാക്‌സിൻ കുത്തിവയ്പ് പുനരാരംഭിക്കും.

ദിവസം 35000 ഡോസ്

കോവിഷീൽഡ് ഉൾപ്പടെ 35000 ഡോസ് വാക്സിനാണ് ജില്ലയിൽ പ്രതിദിനം നൽകുന്നത്. പരമാവധി വേഗത്തിൽ എല്ലാവരിലും വാക്സിൻ എത്തിക്കാനാണ് ശ്രമം. അതേസമയം വ്യക്തമായ പ്ലാനില്ലാതെ കോവാക്സിൻ നൽകുന്നതാണ് മറ്ര് ജില്ലകളിൽ പ്രതിസന്ധിക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.

ജില്ലയിൽ കോവാക്സിന് മാത്രമായി പ്രത്യേക ആശുപത്രികളുണ്ട്. ഇവിടേയ്ക്ക് മാത്രമാണ് കോവാക്സിൻ നൽകുന്നത്. അതുകൊണ്ട് ജില്ലയിൽ വാക്സിനേഷൻ കൃത്യമായി നടക്കുന്നു. നിലവിൽ ലഭിച്ച കോവാക്സിൻ ഇത്തരം കേന്ദ്രങ്ങളിലേക്കാണ് കൈമാറുക. വരും ദിവസങ്ങളിൽ ഇവിടെ എത്തി രണ്ടാം ഡോസ് സ്വീകരിക്കാം.

11,250 പേർ

ജില്ലയിൽ 11,250 പേർക്കാണ് രണ്ടാം ഡോസ് കോവാക്സിൻ നൽകാനുള്ളത്. കൂടുതൽ വാക്സിൻ എത്തിയതോടെ ഇതു ഉടൻ പരിഹരിക്കാനാകും. ഇതോടൊപ്പം 750 പേർക്ക് ആദ്യ ഡോസും നൽകാം. നാല് ദിവസത്തിന് ശേഷം കൂടുതൽ വാക്സിൻ നൽകാമെന്ന അറിയിപ്പാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കൃത്യമായി വാക്സിൻ എത്തിയാൽ വേഗത്തിൽ ലക്ഷ്യത്തിൽ എത്താമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

ജില്ലയിൽ വാക്സിൻ ക്ഷാമത്തിന് തത്കാലം പരിഹാരമാകും. കേന്ദ്രത്തിൽ നിന്ന് വാക്സിൻ കൃത്യമായി എത്തിയാൽ മാത്രമേ നിശ്ചയിച്ചപോലെ വാക്സിൻ നൽകാൻ സാധിക്കൂ.

ഡോ.എം.ജി ശിവദാസ്,വാക്സിനേഷൻ നോഡൽ ഓഫീസർ