കുമ്പളം: കുമ്പളം ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ തോടുകൾ ഉപ്പുവെള്ളം കയറ്റാതെ ലേലംചെയ്തു കൊടുത്തതിനെതിരെ പ്രതിപക്ഷമായ യു.ഡി.എഫ് നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അറിയിച്ചു. തീരദേശ റെയിൽപ്പാതയുടെ പരിസരത്ത് താമസിക്കുന്നവർ വീടൊഴിഞ്ഞു പോകുന്നെന്ന പ്രചാരണവും തെറ്റിദ്ധരിപ്പിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപ്പുവെള്ളം കയറാതിരിക്കാൻ നടപടികൾക്ക് ലേലം ചെയ്തുകൊടുക്കുന്നത് കീഴ്‌വഴക്കമാണ്. ലേലംചെയ്തു കൊടുക്കുന്നത് ഉപ്പുവെള്ളംകയറ്റി മത്സ്യബന്ധനം നടത്തുന്നതിന് വേണ്ടിയല്ല. വർഷകാലത്ത് മാത്രം മത്സ്യബന്ധനം നടത്തുന്നതിനാണ്. തോടുകളിലും കായലുകളിലും ഉപ്പുവെള്ളം കയറുന്ന നവംബർ മാസത്തോടെ ബണ്ട് ചെയ്യുന്ന രീതിയാണ് തുടരുന്നത്. കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണ് തോടുകൾ ലേലംചെയ്യാൻ തീരുമാനിച്ചത്. കമ്മിറ്റിയിൽനിന്നോ പൊതുജനങ്ങളിൽനിന്നോ പരാതി ലഭിച്ചിരുന്നില്ല. നടപടികൾ പൂർത്തീകരിച്ച ശേഷമാണ് കരീത്ര തോട് പരിസരത്തെ റെസിഡൻസ് അസോസിയേഷൻ പരാതി നൽകിയത്. തോട് ലേലംകൈക്കൊണ്ട കരാറുകാരനുമായി ഒപ്പിട്ട കരാറിൽ കരീത്രത്തോട് പരിസരവാസികളുടെ വീടുകളുടെ മുറ്റത്ത് വെള്ളം കയറാൻ ഇടയാക്കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
കായലുകളിലെ ഉയർന്ന വേലിയേറ്റത്തെത്തുടർന്ന് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നത് മറച്ചുവച്ച് രാഷ്ട്രീയലാഭത്തിന് പഞ്ചായത്തിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നടത്തുന്ന സമരം ജനങ്ങൾ തിരിച്ചറിയും. പ്രശ്‌നപരിഹാരത്തിന് പഞ്ചായത്തിന്റെയും എം.പി, എം.എൽ.എ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയും മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകളുടെ സഹായത്തോടെ കൽഭിത്തികെട്ടിയും ഷട്ടറൊരുക്കിയും പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാനാണ് ശ്രമിക്കുന്നത്.
തീരദേശ റെയിൽവേയുടെ വികസനത്തിന് ഇരുവശവും ഏകദേശം 45 മീറ്റർ വീതിയിൽ ഭൂമി മരവിപ്പിച്ചിരിക്കുകയാണ്. വികസനപ്രവർത്തനങ്ങൾക്കോ വീടുകൾ പുതുക്കിപ്പണിയുന്നതിനോ പുതിയത് നിർമ്മിക്കാനോ കഴിയുന്നില്ല. ഇത് മറച്ചുവച്ചാണ് പരിസരവാസികൾ വീട് ഉപേക്ഷിച്ചു പോകുന്നെന്ന പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.