മൂവാറ്റുപുഴ: പൊളിച്ചു മാറ്റിയ മൂവാറ്റുപുഴ സെൻട്രൽ പബ്ലിക് ലൈബ്രറിക്ക് പകരം കെട്ടിടം നിർമ്മിക്കുമെന്ന വാഗ്‌ദാനം കടലാസിലൊതുങ്ങുന്നു. മൂവാറ്റുപുഴ വള്ളക്കാലി ജംഗ്ഷനു സമീപം പൗരാണിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാല ഒരു പതിറ്റാണ്ടു മുമ്പാണ് ഇവിടെ നിന്നു മാറ്റിയത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ച ടൗൺ ഹാളുകളുകളിൽ ഒന്നാണെന്നു പറയപ്പെടുന്ന പൗരാണിക കെട്ടിടത്തിന്റ ഒരു ഭാഗത്ത് 1921 ലാണ് ലൈബ്രറി ആരംഭിച്ചത്. പിന്നീട് ഇത് നഗരസഭയുടെ കീഴിൽ വരുകയായിരുന്നു. കാലപഴക്കത്താൽ ജീർണിച്ചകെട്ടിടം അറ്റകുറ്റ പണികൾ നടത്താതെ നശിച്ചതോടെയാണ് വായന ശാല ഇവിടെ നിന്നും മാറ്റി. ലതാ പാർക്കിനു സമീപം ആധുനിക രീതിയിൽ വായനശാല മന്ദിരം നിർമ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് നഗരസഭ ലൈബ്രറി ഇവിടെനിന്നും മാറ്റിയത്. പിന്നീട് പുരാവസ്തുവായി സൂക്ഷിക്കേണ്ട കെട്ടിടവും പൊളിച്ചു നീക്കി. തുടർന്ന് കെട്ടിടം നിന്നിരുന്ന ഭാഗത്തെ മണ്ണ് എടുത്തത് അന്നേ ചർച്ചയായിരുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ട വായനശാല നിലവിൽ ആരക്കുഴ റോഡിലെ ഒരു വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ്. പുതിയ കെട്ടിടം നിർമിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്ത് അന്നത്തെ എം.എൽ.എയായിരുന്ന എൽദോ എബ്രഹാം മുൻകൈയെടുത്ത് അത്യാധുനിക രീതിയിലുള്ള വായനശാല കെട്ടിടം നിർമിക്കാൻ പദ്ധതി കൊണ്ടുവന്നിരുന്നു. തുടർന്ന് നഗരസഭ 50000 രൂപ ചെലവഴിച്ച് സാധ്യതാ പഠനം നടത്തിയെങ്കിലും റിപ്പോർട്ട് ഫയലിൽ അടയിരിക്കുകയാണ്. കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലം ഇപ്പാേൾ കാടുകയറി ഇഴജന്തുക്കളുടെ താവളമായിമാറി .