ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഉളിയന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റർ നോക്കുകുത്തിയായി തുടരുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഇരുനിലക്കെട്ടിടം ഉണ്ടായിട്ടും അധികൃതർ പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും ജൂനിയർ ഹെൽത്ത് നഴ്സിന്റെയും സേവനമാണ് നിയമപ്രകാരം സബ് സെന്ററിൽനിന്ന് ലഭിക്കേണ്ടത്. എന്നാൽ നഴ്സ് മാത്രമാണ് ഇവിടെ ഉണ്ടാകാറുള്ളതെന്നും തങ്ങൾക്ക് ആവശ്യമായ സേവനങ്ങളൊന്നും ലഭിക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കെ.കെ. ജിന്നാസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ഇരുനില സബ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. രത്നമ്മ സുരേഷ് പ്രസിഡന്റായിരിക്കെ അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനം നിർവഹിച്ചത്.
പ്രയോജനമില്ലെന്ന് നാട്ടുകാർ, എല്ലാം റെഡിയെന്ന് പഞ്ചായത്ത്
കുടുംബാരോഗ്യകേന്ദ്രം ആരംഭിക്കുന്നതിന് വരെയുള്ള സ്ഥലസൗകര്യമുണ്ട്. എന്നാൽ പാരാസെറ്റമോൾ പോലും ഇവിടെയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മരുന്നുമായി ചെന്നാലും കുത്തിവെയ്ക്കില്ല. അത്യാവശ്യ ഘട്ടത്തിൽപ്പോലും ഡ്രസിംഗിനും തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
എന്നാൽ സബ് സെന്ററിൽ നിന്നും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ആഴ്ചയിലൊരിക്കൽ ഗർഭിണികൾക്കായി പ്രഷർ, ഷുഗർ പരിശോധന, മാസത്തിലൊരിക്കൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ, മുതിർന്നവർക്ക് ജീവിതശൈലീ രോഗ മരുന്നുകൾ വിതരണം എന്നിവ നടക്കുന്നുണ്ട്.
സമരമാരംഭിക്കും
സബ് സെന്ററിനായി പഞ്ചായത്തിന്റെ സ്ഥലസൗകര്യവും സർക്കാരിന്റെ പണവും നഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടറെ നിയമിക്കുക, അത്യാഹിതമുണ്ടായാൽ പ്രഥമശുശ്രൂഷയ്ക്ക് സൗകര്യം ഒരുക്കുക, അവശ്യ മരുന്നുകൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരമാരംഭിക്കും.
ജിൻഷാദ് ജിന്നാസ്,
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി