കൊച്ചി : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ ചെറുകിട വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും പേരിൽ കേസുകൾ എടുത്ത സർക്കാർ എന്തുകൊണ്ട് ബെവ്‌കോ മാനേജിംഗ് ഡയറക്ടർക്കെതിരെ കേസെടുക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി.
പഴം,പച്ചക്കറി ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ ഒരേ സമയം അഞ്ചിലധികം ആളുകൾ സന്നിഹിതരായി എന്നതിന്റെ പേരിൽ കടയുടമകൾക്കെതിരെ കേസെടുത്ത് ഭീമമായ തുക പിഴയടപ്പിച്ച സർക്കാർ കേസുകൾ പിൻവലിച്ച് പിഴത്തുക തിരികെ നൽകണമെന്ന് കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറർ സി.എസ്.അജ്മൽ എന്നിവർ ആവശ്യപ്പെട്ടു.
ബെവ്‌കോയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ടിപിആർ നിരക്ക് വീണ്ടും ഉയരുകയും അത് ചെറുകിട വ്യാപാരികളുടെ ഉൻമൂലനത്തിൽ കലാശിക്കുകയും ചെയ്യുമെന്ന ആശങ്കയും കമ്മിറ്റി പങ്കുവച്ചു. കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാനും ബേക്കറികളിലും ഹോട്ടലുകളിലും അകലം പാലിച്ച് ഇരുത്തി ഭക്ഷണം നൽകുന്നതിനുമുള്ള അനുമതി നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.