കോലഞ്ചേരി: പഴന്തോട്ടത്ത് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിക്കാനുദ്ദേശിച്ച അങ്കണവാടിയും ഹെൽത്ത് സെന്ററിന്റെയും നിർമ്മാണം ഉടൻ തുടങ്ങും. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെ തുടന്നാണിത്. കെട്ടിട നിർമ്മാണത്തിന് ഭൂമി വിട്ടു നൽകാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പഴന്തോട്ടത്ത് കെട്ടിട നിർമ്മാണത്തിന് പുറമ്പോക്ക് ഭൂമി വിട്ടുകിട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്.സർക്കാർ ഉത്തരവിറങ്ങി പെരിയാർ വാലി, ഭൂജലവകുപ്പുകളിൽ നിന്നും എൻ.ഒ.സി ലഭിച്ചെങ്കിലും കഴിഞ്ഞ പത്ത് വർഷമായി തുടർ നടപടികൾ നിലച്ച നിലയിലായിരുന്നു. നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. സ്ഥലം സന്ദർശിച്ച എം.എൽ.എ കളക്ടറുമായി സംസാരിച്ചതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കി അടിയന്തിരമായി സ്ഥലം പഞ്ചായത്തിന് വിട്ടു നൽകാമെന്ന് കളക്ടർ ഉറപ്പു നൽകി.