ആലുവ: കാൻസർ രോഗികൾക്ക് താലൂക്ക് ഓഫീസുകൾ വഴി പ്രതിമാസം നൽകുന്ന ആയിരംരൂപ കാൻസർ പെൻഷൻ മുടക്കം കൂടാതെ നൽകണമെന്നും കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വിവിധ ക്ഷേമ പെൻഷനുകൾ ഉൾപ്പടെ പല ഘട്ടങ്ങളിലായി വർദ്ധിപ്പിച്ചിട്ടും ചികിത്സയിനത്തിൽ കുറഞ്ഞത് പ്രതിമാസം പതിനായിരത്തിലേറെ ചെലവ് വരുന്ന കാൻസർ രോഗികളുടെ പെൻഷൻ വർദ്ധിപ്പിച്ചിട്ടില്ല. ഇത് കുറഞ്ഞത് 3000 രൂപയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻ വാങ്ങുന്ന രോഗികൾ എല്ലാവർഷരും ഓങ്കോളജി ഡോക്ടർമാരിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി താലൂക്ക് ഓഫീസിൽ നൽകണം. പല രോഗികളും തിരുവനന്തപുരം, കോട്ടയം ഉൾപ്പടെയുള്ള മറ്റു ജില്ലകളിൽ ചികിത്സ നടത്തുന്നവരാണ്. കൊവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വാങ്ങുന്നത് പ്രയാസമായതിനാൽ അതാത് താലൂക്ക് ആശുപത്രികളിലേയോ മറ്റുമുള്ള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിവേദനം നൽകി.