പറവൂർ: മദ്യപാനത്തിനിടെ സുഹൃത്തിനെ ആക്രമിച്ച കേസിൽ ഇളന്തിക്കര നെല്ലിപ്പിള്ളിപറമ്പ് സബീഷ് (41) അറസ്റ്റിലായി. പരുക്കേറ്റ ചെറിയപ്പിള്ളി മുല്ലപ്പറമ്പിൽ മാർട്ടിൻ (50) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 17ന് രാത്രിയിലാണ് സംഭവം. ഘണ്ഠാകർണൻവെളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ആണി പിടിപ്പിച്ച പട്ടികക്കഷണം ഉപയോഗിച്ച് സബീഷ് മാർട്ടിനെ അടിക്കുകയുമായിരുന്നു. തലയോട്ടിക്ക് പൊട്ടലും ക്ഷതവുമേറ്റ മാർട്ടിന്റെ കേൾവി ശക്തിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കയ്യിൽ പരുക്കേറ്റതിനെത്തുടർന്ന് അഞ്ച് തുന്നലുകളുണ്ട്. കോടതി റിമാൻഡ് ചെയ്ത സബീഷിന് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എഫ്.എൽ.ടി.സി സൗകര്യമുള്ള എറണാകുളം സബ് ജയിലിലേക്കു മാറ്റി. പുത്തൻവേലിക്കര, പറവൂർ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സബീഷ്. സി.ഐ എസ്. മഞ്ജുലാൽ, എസ്.ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സബീഷിനെ അറസ്റ്റ് ചെയ്തത്.