periyarvali
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പ്രദേശവാസി നീക്കം ചെയ്യുന്നു...........................

മൂവാറ്റുപുഴ: പെരിയാർവാലി മുളവൂർ ബ്രാഞ്ച് കനാലിലെ പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ പൊന്നിരിക്കപറമ്പ് ഭാഗം മാലിന്യകേന്ദ്രമായി. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനെതിരെ പ്രദേശവാസികൾ നൽകിയ പരാതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

പെരിയാർവാലി കനാലിലെ ആരംഭംമുതലുള്ള മുഴുവൻ മാലിന്യങ്ങളും ഒഴുകിവന്ന് അടിഞ്ഞുചേരുന്നത് മുളവൂർ ബ്രാഞ്ച് കനാലിലെ പൊന്നിരിക്കപ്പറമ്പ് ഭാഗത്താണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതമായതോടെ പെരിയാർവാലി ഉന്നത ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപന ഭരണാധികാരികൾക്കും പ്രദേശവാസികൾ പരാതി നൽകി.

 ഉന്നതർ ഇടപെട്ടിട്ടും പ്രശ്നപരിഹാരം അകലെ

പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് 2017മേയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജലവിഭവവകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. നാല് വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രക്ഷോഭത്തിനൗരുങ്ങുന്നത്. 2017 ജൂലായിൽ ഇവിടത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ പെരിയാർ വാലിയോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ട് കളക്ടർ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പായില്ല.

 മൂക്കുപൊത്തി പ്രദേശവാസികൾ

മാലിന്യം ചീഞ്ഞളിഞ്ഞ ദുർഗന്ധത്താൽ ശ്വാസംമുട്ടി ജീവിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. നെല്ലിക്കുഴി മുതലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും മത്സ്യക്കടകളിൽ നിന്നുള്ള മാലിന്യങ്ങളും വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചാക്കുകളിൽ നിറച്ച മാലിന്യങ്ങളും വിവാഹവീടുകളിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി ഇവിടെയാണ് അടിഞ്ഞുകൂടുന്നത്. നൂറുകണക്കിന് ജനങ്ങൾ കുടിവെള്ളത്തിനും ആയിരക്കണക്കിന് ഹെക്ടർ കൃഷിക്കും ഉപയോഗിക്കുന്ന കനാലാണ് മാലിന്യനിക്ഷേപ കേന്ദ്രമായി തുടരുന്നത്.

 പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ

പ്രദേശവാസികൾ പരാതിയുമായി രംഗത്ത് വരുമ്പോൾ പെരിയാർ വാലി അധികൃതർ മാലിന്യം നീക്കംചെയ്യുകയാണ് പതിവ്. എന്നാൽ നീക്കംചെയ്യുന്ന മാലിന്യം കനാൽറോഡിൽ വാരിയിടുന്നതിനാൽ തെരുവുനായകളും കാക്കകളും കൊത്തിവലിച്ച് സമീപ പ്രദേശങ്ങളിൽ ഇടുന്നതിനാൽ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. കനാലുകളുടെ സംരക്ഷണത്തിന് വാച്ചർമാരെ നിയമിച്ചിട്ടുണ്ടങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.