ആലുവ: ഇന്ധനവില വർദ്ധനയുടെയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ ജീവിക്കാനാകുന്നില്ലെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർ സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവറിൽ കയറി മണിക്കൂറുകളോളം ആത്മഹത്യാ ഭീഷണി മുഴക്കി.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏലൂക്കരയിൽ ഫെഡറൽ വില്ലേജിന് പിൻവശത്തെ പറമ്പിലെ ടവറിൽ കയറി ഏലൂക്കര ഫെറികവലക്ക് സമീപം വള്ളോപ്പള്ളി വീട്ടിൽ അയ്യപ്പൻ എന്ന് വിളിക്കുന്ന മനോജ് കുമാർ (52) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വൈകിട്ട് മൂന്നരയോടെയാണ് ഒരു കുപ്പി പെട്രോളുമായി ഇയാൾ ടവറിലേക്ക് കയറിയത്.
സംഭവസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ വാടക വീട്ടിലാണ് അയ്യപ്പനും ഭാര്യയും താമസിക്കുന്നത്. ഇവർക്ക് മക്കളില്ല. കുടുംബ വീട്ടിൽ നിന്നു ലഭിച്ച മൂന്ന് സെന്റ് സ്ഥലം അയ്യപ്പന്റെ പേരിലുണ്ടെങ്കിലും വീട് നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തെ തുടർന്ന് നീണ്ടുപോകുകയാണ്. ഇതും ആത്മഹത്യാശ്രമത്തിന് കാരണമാണെന്ന് പറയുന്നു.
സംഭവമറിഞ്ഞ് വാർഡ് മെമ്പർ പി.കെ. സലീമിന്റെ നേതൃത്വത്തിൽ നാട്ടുകാർ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബിനാനിപുരം പൊലീസും ഏലൂരിൽ നിന്ന് ഫയർഫോഴ്സും എത്തിയിട്ടും ഫലമുണ്ടായില്ല. മനോജ്കുമാറിന്റെ കൈവശം പെട്രോൾ ഉണ്ടായിരുന്നതാണ് അധികൃതർ ബലപ്രയോഗത്തിന് മുതിരാതിരിക്കാൻ കാരണം. രാത്രി ഏറെ വൈകിയും ഇയാൾ ടവറിൽ തുടരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തണമെന്നാണ് ഒടുവിൽ ഇയാൾ ആവശ്യപ്പെട്ടത്.