കൊച്ചി: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കൊച്ചി കാൻസർ സെന്റർ, മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടനിർമാണങ്ങൾ പുനരാരംഭിക്കാൻ വഴിതെളിഞ്ഞു. പദ്ധതിക്ക് ധനസഹായം നൽകുന്ന കിഫ്ബിയുടെയും മേൽനോട്ടം വഹിക്കുന്ന ഇൻകെലിന്റെയും ഉന്നതോദ്യോഗസ്ഥർ നിർമാണസ്ഥലം സന്ദർശിച്ചു. രണ്ടാഴ്ചയ്ക്കകം പുതിയ കരാറുകാർ നിർമാണം പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
മദ്ധ്യകേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട കൊച്ചി കാൻസർ സെന്ററിന്റെ നിർമാണം അഞ്ചുമാസമായി സ്തംഭിച്ചിരിക്കുകയാണ്. ഇഴഞ്ഞിഴഞ്ഞു നീങ്ങിയ നിർമാണവും ഗുണനിലവാരത്തിലെ കുറവും മൂലം കരാറുകാരായിരുന്ന ചെന്നൈയിലെ പി. ആൻഡ് സി കൺസ്ട്രക്ഷൻസിനെ കിഫ്ബി നിർദേശപ്രകാരം ഇൻകെൽ നീക്കിയിരുന്നു. പകരം കരാർ നൽകാൻ നീക്കം നടത്തിയെങ്കിലും ഒഴിവാക്കിയ കരാറുകാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി തള്ളിയതിന് പിന്നാലെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന കമ്പനികളിൽ നിന്ന് രാജസ്ഥാനിലെ ജഥാൻ കൺസ്ട്രക്ഷൻസിന് ബാക്കി പണികൾക്ക് കരാർ നൽകിയത്.
കിഫ്ബിയുടെ അഡിഷണൽ സി.ഇ.ഒ സത്യജിത് രാജ്, ഇൻകെൽ മാനേജിംഗ് ഡയറക്ടർ എ. മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കളമശേരിയിൽ മെഡിക്കൽ കോളേജ് വളപ്പിലെ പദ്ധതി പ്രദേശം ഇന്നലെ സന്ദർശിച്ചത്. കിഫ്ബിയുടെ അഭിമാന പദ്ധതിയായ കാൻസർ സെന്റർ നിർമാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സത്യജിത് രാജ് പരിശോധനയ്ക്കുശേഷം പറഞ്ഞു.
കാൻസർ സെന്റർ
പദ്ധതിച്ചെലവ് 400 കോടി രൂപ
കളമശേരിയിൽ തറക്കല്ലിടൽ 2014
ഒ.പി പ്രവർത്തനം 2016 നവംബർ 1
പുതിയ കെട്ടിടം പണി തുടക്കം 2018