കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ റെയിൽപാതയുടെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളുമാണ് കളമശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ജലവിഭവ വകുപ്പിന്റെ പഠന റിപ്പോർട്ട്.

മന്ത്രി പി. രാജീവിന്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സോഷ്യൽ വെൽഫയർ ആക്ഷൻ സൊസൈറ്റി ഉൾപ്പെടെ വ്യക്തികളും സംഘടനകളും സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

 പ്രധാന കണ്ടെത്തലുകൾ

പെരിയാർ നദി കായലുമായി സംഗമിക്കുന്ന വടുതല ഡോൺ ബോസ്‌കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേ ലൈനിന്റെ
ഇരുവശങ്ങളിലുമാണ് നീരൊഴുക്കിന് കാര്യമായ തടസപ്പെട്ടിരിക്കുന്നത്. റെയിൽപാതയുടെ നിർമ്മാണത്തിനു വേണ്ടി 2009 ൽ ഇവിടെ താൽക്കാലിക ബണ്ട് നിർമ്മിച്ചിരുന്നു.
പാതനിർമ്മാണം പൂർത്തിയായശേഷവും ബണ്ട് നീക്കം ചെയ്തിട്ടില്ല.
നിർമ്മാണാവശിഷ്ടങ്ങളും ഈ ഭാഗത്ത് അടിഞ്ഞു കൂടിയിട്ടുണ്ട്.

 റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി ജലനിർഗമനം തടസപ്പെട്ടു.

 റെയിൽവേയുടെ ഇരുപതോളം തൂണുകൾക്കിടയിലൂടെയുള്ള പത്തൊൻപത് ഗ്യാപ്പുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധനയാനങ്ങൾക്ക് കടന്നുപോകാൻ കഴിയു.
 തടസം നീക്കിയില്ലെങ്കിൽ ഇനി ഒഴുകിവരുന്ന
മാലിന്യങ്ങളും അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാക്കും.

 നീരൊഴുക്ക് സുഗമമാക്കിയാൽ പോർട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്ജിങ് പ്രവർത്തനങ്ങൾക്കും സഹായകമാകും.


 780 മീറ്റർ വീതിയുള്ള ഈ ഭാഗത്തുനിന്ന് 15.6 ലക്ഷം ഘനമീറ്റർ ചെളി നീക്കം ചെയ്യണം.

 റിപ്പോർട്ടിലെ ശുപാർശകൾ

1. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തണം

2. ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ്, റെയിൽപാത നിർമാണം കരാറെടുത്ത അഫ്‌കോൺസ് കമ്പനി എന്നിവരെയും
മാലിന്യനീക്കം പദ്ധതിയുടെ ഭാഗമാക്കണം.

 വാഗ്ദാന ലംഘനം

താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുമെന്ന് അഫ്‌കോൺസ് നേരത്തെ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നതാണ്.

 മന്ത്രി പി.രാജീവ്

ജലവിഭവ വകുപ്പ് നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകും. കൊച്ചി പോർട്ട് ട്രസ്റ്റ്, ഡി.പി. വേൾഡ്, നിർമ്മാണക്കമ്പനി അഫ്‌കോൺസ് എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌ന പരിഹാരമുണ്ടാക്കും.