കോലഞ്ചേരി: കളിമണ്ണിൽ കരവിരുത് കൊണ്ട് ജീവിതം പടുത്തുയർത്തിയവരുടെ ഭാവി ലോക്ക് ഡൗണിൽ വീണുടയുന്നു. ലോക്കഴിക്കുമ്പോഴും പ്രതിസന്ധിയിലായ ഇവരുടെ ജീവിതത്തിൽ പ്രതിസന്ധികൾ മാത്രം മിച്ചം. അത്രമേൽ കഷ്ടപ്പാടിലാണിവർ. നൂറുകണക്കിനു കുടുംബങ്ങളാണ് ഇപ്പോൾ വരുമാനമില്ലാതെ ജീവിതം വഴി മുട്ടിയ നിലയിൽ. കുംഭാര സമുദായത്തിൽ പെട്ടവരാണു പ്രധാനമായും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവരുടെ കുലത്തൊഴിലാണ് കളിമൺപാത്ര നിർമ്മാണം. പ്രളയത്തെ തുടർന്ന് വീടും, പാത്രനിർമാണ യൂണിറ്റും തകർന്ന കുടുംബങ്ങൾ ഇവർക്കിടയിലുണ്ട്. പ്രളയത്തിനു ശേഷം വിവിധ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വൻതുക കടം വാങ്ങിയാണു തകർന്ന വീടും നിർമ്മാണ യൂണിറ്റുമെല്ലാം വീണ്ടും കെട്ടിപ്പടുത്തത്. മൺപാത്രം നിർമ്മിച്ച് വിറ്റ് കടം വീട്ടാമെന്ന ഉദ്ദേശമായിരുന്നു ഇവർക്ക്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പ്രതീക്ഷകൾ തകിടം മറിച്ചു. എങ്കിലും ലോക്ക് ഡൗൺ തീരുന്നതോടെ ബിസിനസ് വിപുലമാകുമെന്നും കടങ്ങളെല്ലാം വീട്ടാമെന്നും കരുതുകയും അതു പോലെ കാര്യങ്ങൾ മുന്നോട്ട് നീക്കുകയും ചെയ്തപ്പോൾ അടുത്ത ലോക്ക് ഡൗൺ എത്തി. ഇതോടെ യാത്രാ സൗകര്യം ഇല്ലാതാകുകയും വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുകയും ചെയ്തപ്പോൾ പാത്ര നിർമ്മാണം പൂർണമായും നിലച്ചു. അത്യാവശ്യ ചെലവുകൾക്ക് തലച്ചുമടായി കൊണ്ടു നടന്നും പാത്രം വിൽക്കുന്നവരുണ്ടെങ്കിലും കടുത്ത നിയന്ത്റണങ്ങൾ വന്നതോടെ അതും മുടങ്ങി.
വഴി യാത്രക്കാർ നിർമ്മാണ യൂണിറ്റുകളിൽ നിന്നു പാത്രങ്ങൾ വാങ്ങാറുണ്ടെങ്കിലും വാഹന യാത്ര കുറഞ്ഞതോടെ അതും നിലച്ചു. പാത്രം നിർമ്മിക്കാൻ ആവശ്യമായ മണ്ണ്, വിറക് എന്നിവയ്ക്ക് വൻ വിലയാണിപ്പോൾ. മണ്ണ് എടുക്കുന്ന സീസൺ അവസാനിച്ചതോടെ ലോക്ക് ഡൗൺ കഴിഞ്ഞാലും നിർമ്മാണ യൂണിറ്റുകൾ തുറക്കാൻ സാദ്ധ്യമല്ലാത്ത അവസ്ഥയുമുണ്ട്. നിലവിൽ വൻ തോതിൽ പാത്രങ്ങൾ നിർമ്മിച്ചു സൂക്ഷിച്ചവരുമുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലയിലും തുടരുന്നതിനാൽ വില്പന ഗണ്യമായി കുറയാനാണു സാദ്ധ്യത. വിറകും മറ്റ് വസ്തുക്കളും ലഭിക്കാത്തതിനാൽ അത്തരം പാത്രങ്ങൾ ഈർപ്പം നിറഞ്ഞു തകർന്നത് വൻ നഷ്ടത്തിനിടയാക്കുന്നു.
നിർമ്മാണ യൂണിറ്റുകൾ മിക്കതും വീടുകളിലോ അതിനോട് ചേർന്നുള്ള സ്ഥലത്തോ ആണ് സ്ഥാപിച്ചത്. തീരെ അപര്യാപ്തമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കാനിടമില്ലാതെ തകർന്നു നശിച്ച വിധത്തിലും വൻ നഷ്ടം നേരിടുകയാണ് ഇവർ.