മൂവാറ്റുപുഴ: തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഐക്യട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ 30 കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി .ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്
അംഗം അഡ്വ.പി.എം.ഇസ്മയിൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ .സോമൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എ. സനീർ എന്നിവർ സംസാരിച്ചു. നെഹ്റു പാർക്കിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.രാജു ഉദ്ഘാടനംചെയ്തു. പി.ഒ. ജംഗ്ഷനിൽ നടത്തിയ സമരം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഏലിയാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് യു.ആർ.ബാബു ഉദ്ഘാടനംചെയ്തു. പായിപ്ര കവലയിൽ നടന്ന സമരം മുൻ എം.എൽ.എ ബാബുപോൾ ഉദ്ഘാടനം ചെയ്തു . പായിപ്ര സ്കൂൾ പടിയിൽ നടന്ന സമരം സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പള്ളിപടിയിൽ നടന്ന സമരമ കെ.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു .മാറാടി മണ്ണത്തൂർ കവല,ആരക്കുഴ മാളികപ്പീടിക, ആനിക്കാട് ചിറപ്പടി,വാഴക്കുളം ടൗൺ, കല്ലൂർക്കാട്ടൗൺ, കാലാമ്പൂർ ചിറപ്പടി, മുളവൂർ കുറ്റിക്കാട്ട്ചാലിപ്പടി, വാളകംഅമ്പലംപടി തുടങ്ങിയ 30 കേന്ദ്രങ്ങളിലായിരുന്നു സമരം. പെട്രോളിയം ഉല്പന്നങ്ങളുടെ വിലപിൻവലിക്കുക, അധിക നികുതിയും, സെസും പിൻവലിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിർണയവകാശം കമ്പനി ഉടമകൾക്ക് നൽകിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം . ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയൻ സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു സമരം .