colony
സെറ്റിൽമെന്റ് കോളനിയിൽ വീടിനു സമീപം മണ്ണിടിഞ്ഞ നിലയിൽ

മുളന്തുരുത്തി: ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാംവാർഡിലെ സെറ്റിൽമെന്റ് കോളനിയിലെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. വടക്കേമലയിൽ ശാന്ത വിജയൻ, വടക്കേമലയിൽ തങ്കപ്പൻ, ഷിബി ജോൺ ചേലാട്ട് എന്നിവരുടെ വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണിയിലായത്. മഴ തുടരുന്നതിനാൽ വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.

ഏതാനും വർഷങ്ങൾക്കു മുമ്പ് കോളനിയുടെ ഒരുഭാഗത്തുനിന്ന് 30 അടി താഴ്ചയിൽ മണ്ണെടുത്ത് കൊണ്ടുപോയിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.