vaccine

കൊച്ചി: ആവശ്യത്തിന് ഡോസ് വാക്‌സിൻ എത്തിയിട്ടും ജില്ലയിൽ ബുക്കിംഗിനും സ്ലോട്ട് ലഭ്യതയ്ക്കുമടക്കം ഇപ്പോഴും നിരവധി പ്രശ്‌നങ്ങൾ. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത സാങ്കേതിക പരിജ്ഞാനമില്ലാത്ത 50 വയസു മുതലുള്ളവർക്ക് രജിസ്റ്റർചെയ്യാൻ പോലും സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും ഇവർക്ക് വാക്‌സിൻ ഇപ്പോഴും അകലെയാണ്.

രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുടെയും സഹായം ആവശ്യമുള്ളവരുടെയും എണ്ണം ശേഖരിക്കാനും വാക്‌സിൻ ലഭ്യമാക്കാനുമുള്ള പദ്ധതികൾ തയാറാക്കുമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. രജിസ്‌ട്രേഷൻ നടപടികൾ അറിയാത്തവർക്ക് ആധാർ കാർഡുമായി ചെന്നാൽ വാക്‌സിൻ ലഭ്യമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് പറഞ്ഞതും വെറുംവാഗ്‌ദാനമായി.

രജിസ്റ്റർ ചെയ്തവരിലും സ്ലോട്ട് കിട്ടാതെ കാത്തിരിക്കുന്നവരേറെ. സൈറ്റ് തടസപ്പെടുക, ഒ.ടി.പി ലഭിക്കാൻ വൈകുക, സ്ലോട്ട് പെട്ടന്ന് ഫിൽ ആക്കുക, സ്ലോട്ട് കാണിക്കാതെ വരിക തുടങ്ങിയവയെല്ലാം വാക്‌സിൻ ലഭ്യതയ്ക്ക് തടസമാകുന്നുണ്ട്. ജില്ലയിൽ 12,000 ഡോസ് കൊവാക്‌സിനും ഒരു ലക്ഷം ഡോസ് കൊവിഷീൽഡും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിട്ടും 18-44 പ്രായപരിധിയിലുള്ളവരുടെ സൗജന്യ വാക്‌സിനേഷനായി തിരയുന്നവർക്ക് 30ാം തീയതി വരെ സ്ലോട്ടില്ല.

വാക്‌സിനേഷൻ സംശയ നിവാരണത്തിനായി നാല് നമ്പറുണ്ട്. ബിസിയോട് ബിസിയാണ് ഇവയെല്ലാം. കിട്ടിയാൽ ഭാഗ്യം.


ബുക്ക് ചെയ്യാൻ അറിയാത്തതിനാലും സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാലും വാക്‌സിൻ ലഭ്യമാകാത്തവരുടെ ലിസ്റ്റ് ശേഖരിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ തയാറാകുന്നുണ്ട്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കും.

ഡോ.എം.ജി. ശിവദാസ്, വാക്‌സിനേഷൻ നോഡൽ ഓഫീസർ

എന്നും സ്ലോട്ടിനായി ശ്രമിക്കുന്നുണ്ട്. ഒ.ടി.പി ലഭിക്കും. ആശുപത്രികളുടെ ലിസ്റ്റും കാണിക്കും. എന്നാൽ, സ്ലോട്ട് കാണിക്കില്ല.

സുജിത്, കോട്ടയം

രജിസ്റ്റർ ചെയ്ത് ഏറെ ദിവസങ്ങൾ ശ്രമിച്ച ശേഷമാണ് ആദ്യ ഡോസിനുള്ള സ്ലോട്ട് ലഭിച്ചത്. ബന്ധുക്കളുടെ സഹായമില്ലായിരുന്നുവെങ്കിൽ അതും സാധിക്കുമായിരുന്നില്ല.

അരുന്ധതി, വീട്ടമ്മ, പാലാരിവട്ടം

നേരത്തെ സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ ഒ.ടി.പി നമ്പർ ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ രണ്ടും മൂന്നും തവണ റീസെൻഡ് ഒ.ടി.പി എന്ന് നൽകിയാലെ അത് ലഭിക്കുന്നുള്ളു.

ജയകൃഷ്ണൻ, അഭിഭാഷകൻ, കൊച്ചി.

വാക്‌സിനേഷൻ ഹെൽപ് ലൈൻ നമ്പറുകൾ: 9072041172, 9072303861, 9072303927

​വാക്സിൽ ഇ​ന്ന​ലെ​ ​ഉ​ച്ച​വ​രെ​യു​ള്ള​ ​ക​ണ​ക്ക്
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവർ- 14,62,665

ഫസ്റ്റ് ഡോസ് എടുത്തവർ- 11,83,081
സെക്കൻഡ് ഡോസ് എടുത്തവർ- 2,79,584

18-44 - ഫസ്റ്റ് ഡോസ് എടുത്തവർ- 1,25,122
സെക്കൻഡ് ഡോസ് എടുത്തവർ- 2,305

45-60 ഫസ്റ്റ് ഡോസ് എടുത്തവർ- 34,0597
സെക്കൻഡ് ഡോസ് എടുത്തവർ - 51,144

60ന് മുകളിൽ ഫസ്റ്റ് ഡോസ് എടുത്തവർ- 4,36,438
സെക്കൻഡ് ഡോസ് എടുത്തവർ- 1,21,638