കൊച്ചി: കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലും പശ്ചിമകൊച്ചി മേഖലയിലും കഴിഞ്ഞ രണ്ടുവർഷമായി നടന്നുവരുന്ന റോഡ് നവീകരണ പണികൾ ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ സെപ്തംബറിൽ പൂർത്തിയാക്കേണ്ട പണിയാണ് ഇപ്പോഴും തുടരുന്നത്. കൊവിഡ് മഹാമാരി ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ റോഡ് നിർമ്മാണ പദ്ധതികളെ പ്രതികൂലമായി ബാധിച്ചുവെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) അധികൃതർ പറയുന്നു. ഈ വർഷം ഡിസംബറിൽ തീർക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. തീരുമോയെന്ന് കണ്ടറിയണം!
ആകെയുള്ള പദ്ധതികൾ : 62
പൂർത്തിയായത് : 16
ആകെ തുക: 1758.7 കോടി
ചെലവഴിച്ചത്: 584.4 കോടി
131.7 കോടിയുടെ എട്ട് പദ്ധതികൾക്ക് ടെൻഡർ നൽകി
1042.6 കോടിയുടെ 38 പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകി.
മട്ടാഞ്ചേരി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി വിവരാവകാശപ്രകാരം നടത്തിയ അന്വഷണത്തിലാണ് കേന്ദ്ര ഭവന,നഗരമന്ത്രാലയം ഡയറക്ടർ ലാൽ ചന്ദാമ കഴിഞ്ഞ ഏപ്രിലിൽ മറുപടി നൽകിയത്.
കരാറുകാർ ഉഴപ്പുന്നു
കരാറുകാർക്ക് പണം കൃത്യമായി ലഭിക്കുമെന്ന് ഉറപ്പുള്ളവയാണ് സ്മാർട്ട് സിറ്റി പദ്ധതികൾ. എന്നിട്ടും കരാറുകാർ ഇടയ്ക്കു പണി നിർത്തുന്നു. പശ്ചിമകൊച്ചി മേഖലയിൽ കാലതാമസം വരുത്തിയ കരാറുകാരന് സി.എസ്.എം.എൽ നോട്ടീസ് അയച്ചു. കരാറുകാരൻ മറുപടി നൽകി. അതിപ്പോൾ നിയമവിഭാഗത്തിന്റെ പരിഗണനയിലാണ്.
300 കോടി രൂപ ചെലവിലാണ് സി.എസ്.എം.എൽ റോഡ് നവീകരണ പദ്ധതികൾ നടപ്പാക്കുന്നത്. എറണാകുളം നഗര മേഖലയിലെ 70% റോഡ് നവീകരണ പദ്ധതികളും പൂർത്തിയായതായി അധികൃതർ പറയുന്നു. എന്നാൽ
പശ്ചിമകൊച്ചിയിലെ അഞ്ച് ഡിവിഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും തുടങ്ങിയിട്ടില്ല. തുടങ്ങിയ സ്ഥലങ്ങളിലാകട്ടെ എങ്ങുമെത്തിയിട്ടില്ല.
.
തടസങ്ങൾ വിനയായി
കൊവിഡ് മഹാമാരി, ലോക്ക് ഡൗൺ, കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ, തൊഴിലാളികളുടെ കുറവ്, നിർമ്മാണ വസ്തുക്കളുടെ ക്ഷാമം തുടങ്ങി ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് പ്രവൃത്തികൾ നടക്കുന്നത്.കുടിവെള്ള പൈപ്പുകൾ, കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കേണ്ടതാണ് റോഡ് നിർമ്മാണത്തിലെ ഏറ്റവും വലിയ തടസം.
പശ്ചിമകൊച്ചിയിലെ ചില റോഡുകളുടെ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്തതിനാൽ പണികൾ വിഭജിച്ചു നൽകേണ്ടിവന്നു.
ജാഫർ മാലിക്,
സി.ഇ.ഒ, സി.എസ്.എം.എൽ