കൊച്ചി: ഓട്ടോമൊബൈൽ ഡീലർമാരായ കുറ്റൂക്കാരൻ ഗ്രൂപ്പ് അന്താരാഷ്ട്ര യോഗദിനത്തിൽ സംഘടിപ്പിച്ച യോഗത്തൺ ചലഞ്ച് ലിംക ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംപിടിക്കുമെന്ന് സംഘാടകർ. 35 മിനിട്ടിനുള്ളിൽ 108 പ്രാവശ്യം സൂര്യനമസ്‌കാരം ചെയ്യുന്നതായിരുന്നു ചലഞ്ച്. ആയിരത്തിലേറപ്പേർ പങ്കെടുത്തു. അറുപതുപേർ ചലഞ്ച് വിജയകരമായി പൂർത്തിയാക്കി. ഒരു വേദിയിൽ ഇത്രയധികം ആളുകൾ ഒരേസമയം യോഗ പരിശീലിക്കുന്നത് ആദ്യമാണെന്ന് സംഘാടർ പറഞ്ഞു. ആയുഷ് മന്ത്രാലയം അംഗീകരിച്ച യോഗപരിശീലകരായ ആനന്ദ് നാരായൺ, രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചലഞ്ച്.

 കളമശേരി നുവാൽസിൽ യോഗ വെബിനാർ വൈസ് ചാൻസിലർ ഡോ. കെ.സി സണ്ണി ഉദ്ഘാടനം ചെയ്തു. ഡോ.ബിജു ലോന മുഖ്യപ്രഭാഷണം നടത്തി. ഡോ.സുജിത് നായർ സംസാരിച്ചു.

കുഫോസിൽ ഓൺലൈൻ യോഗ, ധ്യാനപരിശീലന പരിപാടി നടന്നു. നൂറോളം വിദ്യാർത്ഥി​കൾ പങ്കെടുത്തു. വൈസ് ചാൻസർ ഡോ.കെ.റിജിജോൺ ഉദ്ഘാടനം ചെയ്തു. അനീഷ് പി.എസ് നേതൃത്വം നൽകി.

വൈറ്റില ടോക് എച്ച് സ്കൂൾവി​ദ്യാർത്ഥി​കൾക്ക് യോഗാ പരിശീലനം നൽകി. സ്കൂൾ മാനേജർ ഡോ. കെ. വർഗീസ്, പ്രസിഡന്റ് ഡോ. അലക്സ് മാത്യു, സെക്രട്ടറി സി.എസ്.വർഗീസ്, ട്രഷറർ കെ .കെ മാത്യു, പ്രിൻസിപ്പൽ ജൂബി പോൾ, വൈസ് പ്രിൻസിപ്പൽ മീരാ തോമസ്, ഹെഡ്മിസ്ട്രസ് ഷേർളി ഗ്രേസ് ജോൺ എന്നിവർ പങ്കെടുത്തു.

എറണാകുളം സെന്റ് ആൽബെർട്‌സ് സ്‌കൂളിൽ യോഗ വെബിനാറി​ലൂടെ ലെഫ്.കമാൻഡർ അശ്വന്ത്. പി പരിശീലനം നൽകി.എൻ.സി.സി കേഡറ്റുകളും രക്ഷിതാക്കളും വീടുകളിൽ യോഗചെയ്തു. ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പുറത്തിറക്കിയ ഗാനോപഹാരം ഫാ .ലിക്‌സൺ അസ്വെസ് പ്രകാശിപ്പിച്ചു. ഹെഡ്മാസ്റ്റർ വി. ആർ. ആന്റണി സംസാരിച്ചു.