high-court

കൊച്ചി: പെട്രോളും ഡീസലും ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) പരിധിയിൽ കൊണ്ടുവരണമെന്ന നിവേദനത്തിൽ ആറാഴ്‌ചയ്‌ക്കകം കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേരള പ്രദേശ് ഗാന്ധി ദർശൻ ചെയർമാനും മുൻ കാലടി സർവകലാശാല വി.സിയുമായ ഡോ. എം.സി. ദിലീപ് കുമാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എം. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കേന്ദ്രസർക്കാർ തീരുമാനമെടുക്കുംവരെ സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്തുന്നത് തടയണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും നിവേദനം പരിഗണിച്ച് ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

ഹർജിക്കാരൻ ജി.എസ്.ടി കൗൺസിലിന് നൽകിയ നിവേദനം ഉടൻ കേന്ദ്രസർക്കാരിന് കൈമാറാനും നിർദ്ദേശിച്ചു. പെട്രോളിനും ഡീസലിനും രാജ്യത്ത് പല വിലയാണെന്നും വിവിധ സംസ്ഥാനങ്ങൾ അധികനികുതി ചുമത്തുന്നതിനാലാണ് ഇതെന്നും ഹർജിക്കാരൻ വാദിച്ചു. വില ഏകീകരിക്കണം. അടിക്കടി വില കൂടുന്നത് സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്. തിരഞ്ഞെടുപ്പു സമയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചുനിന്ന് ഇന്ധനവില നിയന്ത്രിക്കുന്നുണ്ടെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയടക്കമുള്ള പ്രശ്നങ്ങൾക്ക് ഇന്ധന വിലവർദ്ധന കാരണമാണെന്നും ഹർജിക്കാരൻ വാദിച്ചു.

എന്നാൽ ഇതു കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് നിവേദനം പരിഗണിച്ചു തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിയത്.