ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽപ്പെട്ട ചുണങ്ങംവേലി സെന്റ് ജോസഫ്സ് സ്‌കൂളിന് സമീപം പെരിയാർവാലി കനാലും സമീപറോഡും മാലിന്യനിക്ഷേപകേന്ദ്രമായിമാറി. താരതമ്യേന ജനവാസം കുറഞ്ഞ ഇവിടെ രാത്രിയുടെ മറവിലാണ് അറവ് മാലിന്യങ്ങൾ ഉൾപ്പെടെ ചാക്കിലാക്കി തള്ളുന്നത്.
പുഷ്പനഗറിലേക്കും എടത്തല എസ്.ഒ.എസ് ഗ്രാമത്തിലേക്കുമായി പുതിയതായി നിർമ്മിച്ച ബൈപ്പാസ് റോഡാണ് മാലിന്യനിക്ഷേപ കേന്ദ്രമായത്. നാലുവർഷംമുമ്പ് പെരിയാർവാലി കനാലിൽ നിരന്തരമായി കക്കൂസ് മാലിന്യം തള്ളിയതിനെത്തുടർന്ന് നാട്ടുകാർ ഉറക്കമിളച്ചിരുന്ന് ലോറി പിടികൂടിയിരുന്നു. നാട്ടുകാരെ കണ്ടതോടെ ലോറി പിന്നോട്ടിറങ്ങി 20 അടിയോളം ആഴമുള്ള കിണറിലേക്ക് മറിഞ്ഞ സംഭവും ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിന് ശേഷം ഇവിടെ മാലിന്യനിക്ഷേപം കുറഞ്ഞെങ്കിലും അടുത്ത കാലത്ത് പുനരാരംഭിക്കുകയായിരുന്നു.
അനക്കമില്ലാതെ അധികാരികൾ
നാട്ടുകാർ നിരന്തരം പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് ആക്ഷേപം. പൊലീസ് പട്രോളിംഗും ഊർജിതമല്ലാത്തതാണ് സാമൂഹ്യവിരുദ്ധർക്ക് അനുഗ്രഹമാകുന്നത്. ഇതുവരെ റോഡിന്റെ ഒാരങ്ങളിലാണ് മാലിന്യം തള്ളിയിരുന്നതെങ്കിൽ ഇന്നലെ റോഡിന്റെ മദ്ധ്യഭാഗത്തുവരെ മാലിന്യം തള്ളിയിട്ടുണ്ട്. ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടവും അഴുകിയ നിലയിലുണ്ട്.
പൊതുപ്രവർത്തകരായ രമേഷ് പുത്തൻപുരയ്ക്കൽ, സുഫീർ ഹുസൈൻ, അബ്ദുൾ റസാഖ് മണ്ണായത്ത്, പുഷ്പാനന്ദൻ കൈപ്പിള്ളിതറ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ റോഡിന് നടുവിലെ മാലിന്യങ്ങൾ നീക്കി.
നിരീക്ഷണകാമറ സ്ഥാപിക്കണം
ഈ ഭാഗത്ത് അടിയന്തരമായി സി.സി ടി.വി കാമറ സ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറാകണം. ഇക്കാര്യത്തിൽ ഇനിയും അലംഭാവം തുടർന്നാണ് ശക്തമായ സമരം ആരംഭിക്കും.
രമേഷ് പുത്തൻപുരക്കൽ
യൂത്ത് കോൺഗ്രസ്
ജനറൽ സെക്രട്ടറി