കൊച്ചി: ലക്ഷദ്വീപിൽ മൂന്നുമാസമായി നിലനിന്നിരുന്ന ലോക്ക്ഡൗൺ ഇന്നലെ പിൻവലിച്ചു. വൈകിട്ട് 5 മുതൽ രാവിലെ 6 വരെ രാത്രികാല കർഫ്യൂ തുടരും. ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗണുമുണ്ടാകും.
കവരത്തി, ബിത്ര, കിൽത്താൻ, മിനിക്കോയി ദ്വീപുകളിലാണ് ലോക്ക്ഡൗൺ ഉണ്ടായിരുന്നത്. ഇവിടങ്ങളിലെ സർക്കാർ ഓഫീസുകൾ ഇന്നു മുതൽ പ്രവർത്തിക്കും.
ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. എല്ലാ കടകളും പരമാവധി അഞ്ചുപേരെ പ്രവേശിപ്പിച്ച് തുറക്കാം. സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെയും ആരാധനാലയങ്ങളിലെയും ആഘോഷങ്ങൾക്ക് കളക്ടറുടെ മുൻകൂർ അനുമതി വേണം. മത്സ്യബന്ധന, നിർമ്മാണ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താനും ഡെപ്യൂട്ടി കളക്ടറുടെയോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറുടെയോ അനുമതി വാങ്ങണം.