ആലുവ: ആലുവ ജില്ലാ ആശുപത്രി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ കൈമാറി. ആറ് വെന്റിലേറ്ററുകൾ, 12 മൾട്ടി പാരാമോണിറ്റർ, 20 സിറിഞ്ച് പമ്പ്, പോർട്ടബിൾ അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ, കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫിക് മെഷീൻ എന്നിവയാണ് കൈമാറിയത്.
ജീവൻരക്ഷാ ഉപകരണങ്ങൾ ബെന്നി ബഹനാൻ എം.പി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറി. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, കെ.വി. രവീന്ദ്രൻ, റൈജ അമീർ, എൽസി ജോർജ്, മനോജ് മൂത്തേടൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ഡൊമനിക് കാവുങ്കൽ, കെ.എം. കുഞ്ഞുമോൻ, തോപ്പിൽ അബു, എസ്.എൻ. കമ്മത്ത് എന്നിവർ പങ്കെടുത്തു.