ആലുവ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈ.എം.സി.എ കേരള റീജണനും ദേശീയ വൈ.എം.സി.എയും നിർധനർക്കായി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി അറിയിച്ചു. ഇതിന്റെ ഭാഗമായി വൈ.എം.സി.എയുടെ ഉടമസ്ഥതയിൽ കന്യാകുമാരിയിലും മാർത്താണ്ഡത്തുമായുള്ള 50 ഏക്കർ സ്ഥലത്ത് ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്ന് വൈ.എം.സി.എ. പ്രോജക്ടുകൾ ഈ ലോക്ഡൗൺ കാലത്ത് നൽകിയത് 20 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകൾ നൽകി. കേരളത്തിലെ വിവിധ യൂണിറ്റുകൾ ഇതിനു പുറമെ ദിനം പ്രതി ലക്ഷകണക്കിന് രൂപയുടെ സഹായം നൽകുന്നുണ്ട്.
ആലുവ പ്രോജക്ടിന്റെ സഹായ പദ്ധതിയുടെ രണ്ടാംഘട്ടം റിട്ട. ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് എന്നിവർ ഭക്ഷ്യധാന്യകിറ്റുകളും, കൊവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകളും ഏറ്റുവാങ്ങി. ആലുവ പ്രോജക്ട് ചെയർമാൻ ഷാജി.കെ. കുര്യൻ അദ്ധ്യക്ഷനായി. വർഗീസ് അലക്‌സാണ്ടർ, സി.പി. മാത്യു, ജോസ് നെറ്റിക്കാടൻ, സാജു ഇട്ടൻ, ജോൺസൺ കെ. പൗലോസ്, ബിന്നി.എ. തോമസ്, ജി.ഇസഡ്. പുത്തൻപീടിക, റോയി പാപ്പു, പി. സാം റോബർട്ട്, റെജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.