ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാലിൽ കൃഷി ആരംഭിക്കുന്നതോടെ കാമ്പിള്ളി റോഡും ഗതാഗതയോഗ്യമാകും. മുപ്പത്തടം കരയെ എരമവുമായി ബന്ധിപ്പിക്കുന്ന റോഡാണ് എരമം കാമ്പിള്ളി റോഡ്. 200 മീറ്റർ നീളമുള്ള റോഡിന് മൂന്നുമീറ്റർ വീതി മാത്രമാണുള്ളത്. നിരവധിയാളുകൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
എടയാറ്റുചാൽ പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡിന് വീതി കുറവായതിനാൽ അപകടങ്ങൾ പതിവാണ്. ഇതോടെയാണ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചത്. റോഡ് ആറുമീറ്റർ വീതിയിൽ പുതുക്കിപ്പണിയാനാണ് തീരുമാനം. 2019ൽ രൂപീകരിച്ച കാമ്പിള്ളി റോഡ് പുനർനിർമ്മാണ കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് റോഡ് പുനരുദ്ധരിക്കുന്നതിന് 40 ലക്ഷം രൂപ എം.എൽ.എഫണ്ട് അനുവദിച്ചു. 2020 സെപ്തംബപറിൽ ടെൻഡറായെങ്കിലും പല കാരണങ്ങളാൽ നിർമ്മാണം വൈകി. വെള്ളക്കെട്ടും മഴയും വില്ലനായി. എടയാറ്റുചാലിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ തകരാറിലായതാണ് പ്രധാന പ്രതിസന്ധിയായത്. ഇക്കാരണത്താലാണ് പാടശേഖരത്തിലെ നെൽക്കൃഷിയും നിലച്ചത്.
കൃഷിക്ക് ഒരുക്കം തുടങ്ങി
വെള്ളം വറ്റിക്കുന്നതിനാവശ്യമായ 16 ലക്ഷം രൂപ വിലവരുന്ന കൂടുതൽ കുതിര ശക്തിയുള്ള പമ്പ് സെറ്റും മോട്ടോറും പുതിയ പമ്പുഷെഡിന്റെ നിർമ്മാണവും നടക്കുകയാണ്. ഈ മാസം അവസാനത്തോടെ പൂർത്തിയാകുന്നതോടെ എടയാറ്റുചാലിൽ കൃഷി ആരംഭിക്കും. എടയാറ്റുചാലിലെ വെള്ളം വറ്റുന്നതോടെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് തീരുമാനം.