വൈപ്പിൻ: കൊച്ചി അഴിമുഖത്ത് നിന്നാരംഭിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തും കടന്ന് ഞാറക്കൽവരെ നീളുന്നതാണ് ആർ.എം.പി. കനാൽ. 62 മീറ്റർ ആയിരുന്നു മുൻപ് ശരാശരി വീതി. എളങ്കുന്നപ്പുഴ, പുതുവൈപ്പ് പ്രദേശങ്ങളിൽ സ്ഥലവിലയേറിയപ്പോൾ പ്രധാന സ്ഥലങ്ങളിൽ പലയിടത്തും കനാൽ കൈയേറി കരയാക്കി. വില കുറഞ്ഞ ഇടങ്ങളിൽ ചെളിയും മാലിന്യവും വന്നടിഞ്ഞു. വീതി നിലവിൽ 12 മീറ്റർ ആയി ചുരുങ്ങി.
വീതി ചുരുങ്ങിയപ്പോൾ സ്വാഭാവികമായും ആഴവും കുറഞ്ഞു. ഒരു കാലത്ത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്ന ആർ.എം.പി. കനാൽ പ്രതാപം കൊഴിഞ്ഞ് ചെറിയ തോടായി മാറി. കനാലിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ തലത്തിലും പഞ്ചായത്ത് തലത്തിലും പദ്ധതികൾ രൂപം കൊണ്ടു. കനാലിൽ അടിഞ്ഞുകൂടിയ മണ്ണുംചെളിയും മാലിന്യവും നീക്കംചെയ്യുന്നതിന് കോടികളുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി.
ആഴത്തിൽ മണ്ണ് നീക്കംചെയ്യണം
അഴിമുഖത്തുനിന്ന് 510 മീറ്റർ നീളത്തിലും ഒന്നര മീറ്റർ താഴ്ചയിലുംഡ്രഡ്ജിംഗ് നടത്തിയാണ് മേജർ ഇറിഗേഷൻ വകുപ്പ് മണ്ണ് നീക്കംചെയ്തത്. മറ്റ് രണ്ടിടങ്ങളിൽ കൂടി 500 മീറ്റർ വീതം നീളത്തിൽഡ്രഡ്ജിംഗ് നടത്തുണ്ട്. 6 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പണി നടത്തിയത്. മൂന്നിടത്തുമായി 1.80 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കേവലം ഒരു വള്ളത്തിന് പോകുന്നതിനുമാത്രമുള്ള ചാൽ മാത്രമേ ഇപ്പോൾ ഉള്ളൂ. കനാലിന്റെ ശരിയായ വീതിയായ 62 മീറ്ററിൽ 1.50 മുതൽ മൂന്നുമീറ്റർവരെ ആഴത്തിൽ മണ്ണ് നീക്കം ചെയ്‌തെങ്കിൽ മാത്രമേ ഈ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കുകയുള്ളു. നിലവിൽ പണി തുടങ്ങിയിട്ട് ആഴ്ചകൾ ആയി. എന്നാൽ പലയിടത്തും അരമീറ്റർ മാത്രമേ താഴ്ത്തിയിട്ടുള്ളൂ. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ ഈ ഭാഗത്തുകൂടി കടലിലേക്ക് സുഗമമായി പ്രവേശിക്കാനാകില്ല.
വർഷകാലത്തും വൃശ്ചികമാസത്തിലെ വേലിയേറ്റത്തിനും അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണണമെങ്കിൽ തോടിന് ആഴം കൂടിയേ തീരൂ.
ബി.ജെ.പി പ്രതിഷേധം
നിശ്ചിത ആഴം കൂട്ടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. യുടെ ആഭിമുഖ്യത്തിൽ അഴിമുഖത്തിറങ്ങി പ്രതിഷേധസമരം നടത്തി. മണ്ഡലം പ്രസിഡന്റ് വേദരാജൻ, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ഡോൾഗോവ്, എം.ആർ. അശോകൻ, രാധാകൃഷ്ണൻ, പ്രവീൺ, ഉണ്ണിക്കൃഷ്ണൻ, നിഥിൻ എന്നിവർ പങ്കെടുത്തു.