കിഴക്കമ്പലം: കുടുംബശ്രീ ഗൃഹോപകരണ പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലം പഞ്ചായത്തിലെ 87 കുടുബശ്രീ യൂണി​റ്റുകളിലെ അംഗങ്ങൾക്ക് മൂന്നാംഘട്ട സ്‌ക്കൂട്ടർ വിതരണം ആരംഭിച്ചു. 291 സ്‌ക്കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 105 സ്‌ക്കൂട്ടറുകളും, രണ്ടാംഘട്ടത്തിൽ 182 സ്‌ക്കൂട്ടറുകളുമാണ് വിതരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായി പഞ്ചായത്തിലെ 175 കുടുംബശ്രീ യൂണി​റ്റുകൾക്ക് 578 സ്‌ക്കൂട്ടറുകളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

മാർക്ക​റ്റ് വിലയുടെ പകുതി വിലയ്ക്ക് 36 തവണകളായി അടച്ചു തീർക്കേണ്ട രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോയുടെ സ്‌ക്കൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. സ്‌ക്കൂട്ടറിനു പുറമേ പാത്രങ്ങൾ, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ, സ്മാർട്ട്ഫോൺ, ഗ്യാസ് സ്​റ്റൗ, ഇസ്തിരിപ്പെട്ടി എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരുന്നു.