കിഴക്കമ്പലം: വീടു നിർമിച്ച് നൽകാമെന്നേറ്റ് വൃദ്ധയെ കിഴക്കമ്പലം പഞ്ചായത്തധികൃതർ കബളിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയ കേസെടുത്തു. കാരുക്കുളം പാത്തിക്കുളങ്ങര ഏലിയാമ്മയെയാണ് കബളിപ്പിച്ച് വീട് പൊളിച്ചു മാറ്റിയത്. നാലുവർഷമായി വീടു കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം ഇവർ പൊളിച്ച വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് ഇവർക്ക് നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് വാടകവീട് എടുത്ത് നൽകി. ഇന്നലെ ഇവരെ വനിത കമ്മിഷനംഗം ഷിജി ശിവജി സന്ദർശിച്ചു. പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പ്രശങ്ങൾക്ക് കാരണമെന്ന് ഷിജി പറഞ്ഞു. 3 സെന്റ് സ്ഥലവും താമസയോഗ്യമായ കടമുറി ഉൾപ്പെടുന്ന വീടുമാണ് ഇവർക്കുണ്ടായിരുന്നത്. അവിടെ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭർത്താവിന്റെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പഞ്ചായത്ത് ഭരണസമിതിയായ നേതൃത്വത്തിൽ വീട് പൊളിച്ചുവെന്നാണ് ഏലിയാമ്മയുടെ പരാതി. ആശുപത്രയിയിൽ നിന്ന് തിരിച്ചുവരുമ്പോൾ വീട് ഉണ്ടായിരുന്നില്ല. തറയടക്കം പൊളിച്ചെടുത്തു. വാർഡ് മെമ്പറെ കണ്ട് കാര്യം പറഞ്ഞപ്പോൾ രണ്ട് മാസം കൊണ്ട് വീട് പണിത് തരാമെന്നായിരുന്നു വാഗ്‌ദാനം. പിന്നീട് വാടകക്ക് താമസിപ്പിക്കുകയായിരുന്നുവെന്നും ഏലിയാമ്മ പറയുന്നു. വാർഡ് മെമ്പറുടേയും പഞ്ചായത്ത് പ്രസിഡന്റിന്റേയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയുണ്ടായതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കമ്മിഷൻ സ്വമേധയ കേസെടുത്തത്.