കൊച്ചി: മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് പൊലീസ് തടവിലാക്കിയതിനെതിരെ ജർമ്മൻ സ്വദേശി റോളണ്ട് മോസ്‌ലേ ഹൈക്കോടതിയിൽ ഹർജി നൽകി. പാസ്പോർട്ട് നിയമവും ഫോറിനേഴ്സ് ആക്ടും ലംഘിച്ചെന്ന കേസിൽ ഹൈക്കോടതി കഴിഞ്ഞ വർഷം ആഗസ്റ്റിൽ അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് ഇയാളെ അഗത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

തന്നെ അഗത്തിയിലെ ഗസ്റ്റ് ഹൗസിൽ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. എൻജിനീയറായ റോളണ്ട് 2006 ൽ ഇന്ത്യയിലെത്തി യൂറോലാൻഡ് കൺസ്ട്രക്ഷൻസ് സൊല്യൂഷൻസ് എന്ന പേരിൽ കമ്പനി തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം പേരിൽ പാൻകാർഡും ആധാർ കാർഡും സമ്പാദിച്ച് ലക്ഷദ്വീപിൽ താമസം തുടങ്ങി. ആധാർ കാർഡ് ലഭിച്ചതോടെ തനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചെന്ന ധാരണയിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.

വിദേശികൾ പാലിക്കേണ്ട നിയമം ലംഘിച്ചെന്ന് കണ്ടെത്തി കഴിഞ്ഞ വർഷം പൊലീസ് പിടികൂടി. തുടർന്ന് അമിനി ദ്വീപിലെ സി.ജെ.എം കോടതിയിൽ വിചാരണ നേരിടണമെന്നും മുൻകൂർ അനുമതിയില്ലാതെ ദ്വീപിനു പുറത്തു പോകരുതെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ഈ വ്യവസ്ഥകൾ ലംഘിച്ച് ഇയാൾ ബംഗാരം ദ്വീപിലേക്ക് പോയെന്ന് കണ്ടെത്തിയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. എന്നാൽ അമിനി സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് പോയതെന്നും ബംഗാരം ദ്വീപിൽ 32 മരക്കുടിലുകൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനീയറുടെ അനുമതി വാങ്ങിയിരുന്നെന്നും ഹർജിക്കാരൻ പറയുന്നു.