കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സിംബാബ്‌വേ സ്വദേശിനി ഷാരോൺ ചിക്ക്‌വാസ (30) കടത്താൻ ശ്രമിച്ചത് അഫ്ഗാനിസ്ഥാൻ നിർമ്മിത ഹെറോയിൻ. പിടിച്ചെടുത്ത 3.5 കിലോ ഹെറോയിനും അഫ്ഗാനിൽ നിർമ്മിച്ചതാണെന്ന് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കണ്ടെത്തി.

അഫ്ഗാനിൽ നിന്ന് സിംബാബ്‌വേയിൽ എത്തിച്ച് അവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ് ഇവരുൾപ്പെട്ട സംഘം ചെയ്യുന്നത്. ചിക്ക്‌വാസ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് കടന്നുകളഞ്ഞ രണ്ട് വിദേശ പൗരന്മാർക്കായുള്ള അന്വേഷണം ഊ‌ർ‌ജിതമാക്കി. ഇവരുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഇവരുടെ കൈയിലും ഹെറോയിൻ ഉണ്ടെന്നാണ് കരുതുന്നത്.

ഹെറോയിൻ ബംഗളൂരുവിലും ഡൽഹിയിലും കൈമാറാണ് തനിക്ക് കിട്ടിയ നി‌ർ‌ദ്ദേശമെന്നാണ് ചിക്ക്‌വാസയുടെ മൊഴി. സ്വീകരി​ക്കുന്നത് ആരാണെന്ന് അറിയി​ല്ല. ബംഗളൂരുവിലും ഡൽഹിയിലും നേരത്തെ എത്തിയിട്ടുണ്ട്. കൊച്ചിയിൽ ഇതാദ്യമാണ്. എൻ.സി.ബി കസ്റ്റഡിയിലുള്ള ഇവരെ കൊച്ചി, ബംഗളൂരു യൂണിറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ശനി​യാഴ്ചയാണ് 20 കോടി രൂപയുടെ ഹെറോയിനുമായി ചിക്ക്‌വാസ കൊച്ചി​ വി​മാനത്താവളത്തി​ൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ദോഹയിൽ നിന്ന് കൊച്ചിയിലി​റങ്ങി​ ബംഗളൂരു വഴി ന്യൂഡൽഹിയിലേക്കു പോകാൻ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത്.

അഫ്ഗാനെന്ന

ഹെറോയിൻ ശാല

ലോകത്ത് ഏറ്റവുമധികം ഹെറോയിൻ നി‌‌ർമ്മിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ആഫ്രിക്കൻ വംശജർ ഉൾപ്പെട്ട ലഹരിക്കടത്ത് സംഘമാണ് ഹെറോയിൻ കടത്തിന് നേതൃത്വം നൽകുന്നത്. കൊച്ചിയിൽ പിടിയിലായ ചിക്ക്‌വാസയും ഇത്തരമൊരു സംഘത്തിലെ കണ്ണിയാണെന്നാണ് പ്രാഥമിക നിഗമനം. ഇടപാട് പൂർ‌ത്തിയായാൽ പണം അക്കൗണ്ടിൽ ലഭിക്കുമെന്നായിരുന്നു ചിക്ക്‌വാസയ്ക്ക് ലഭിച്ചിരുന്ന ഉറപ്പ്.