കൊച്ചി: ആറ്റിങ്ങലിൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് 128 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കവർന്ന കേസിലെ മൂന്നാം പ്രതി സജിൻ കെ. വിജയനും അഞ്ചാംപ്രതി കിരണിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കഴിഞ്ഞ മേയ് ഒമ്പതിനും 20നുമിടയിൽ ഹർജിക്കാരടക്കമുള്ള 12 പ്രതികൾ ചേർന്ന് മദ്യം മോഷ്ടിച്ചെന്നാണ് കേസ്. അഞ്ച് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

ഹർജിക്കാർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതികളിലൊരാൾ കഴിഞ്ഞ മാർച്ചിൽ വിദേശത്ത് നിന്ന് അവധിക്ക് എത്തിയതാണെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. മേയ് 27നാണ് ഇവർ അറസ്റ്റിലായത്. 2.13 ലക്ഷം രൂപയുടെ മദ്യം ഇനിയും കണ്ടെടുക്കാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്.