കൊച്ചി: കൊവിഡ് കാലത്ത് പൂർണമായും സ്തംഭിച്ച ബ്യൂട്ടീഷ്യൻ മേഖലയിലുള്ള ജീവനക്കാരുടെ കെട്ടിട വാടക ഇളവ് ചെയ്യണമെന്ന് ആവശ്യം. 15 മാസമായി ഈ മേഖലയിലുള്ളവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ദുരിതത്തിലായത്. ലക്ഷങ്ങൾ മുടക്കി ആരംഭിച്ച സംരംഭങ്ങൾ പൂർണമായും നിശ്ചലമായി. മേഖലയിലുള്ളവർക്ക് പ്രതിരോധ വാക്സിനിൽ മുൻഗണന അനുവദിക്കണമെന്നും ബ്യൂട്ടീഷ്യൻമാരായ ജോളി പി.ജെയും പ്രീതിയും പത്രസമ്മേളനത്തിൽ പറഞ്ഞു.
ബ്യൂട്ടീഷ്യൻ ജോലി ചെയ്യുന്നവരുടെ സംഘടനകൾ നിലവിൽ നിർജീവമായതുകൊണ്ട് സ്വതന്ത്രമായി നിൽക്കുന്നവരുടെ പ്രതിനിധികളാണ് തങ്ങളെന്നും അവർ അറിയിച്ചു.