വൈപ്പിൻ: സാങ്കേതിക കാരണങ്ങളാൽ കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടങ്ങിയതിനെത്തുടർന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടർന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഇടപെട്ട് പരിഹരിച്ചു. ബദൽ സർവീസ് ഒരുക്കിയാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് എറണാകുളം ജെട്ടിയിൽ ആകസ്മികമായി ബസ് സർവീസ് തടസപ്പെട്ടത്. സാമൂഹികഅകലം പാലിക്കാനാകാത്ത വിധം ആളുകൾ കൂടിയതോടെ യാത്രക്കാരി വി.സി. മഞ്ജുളകുമാരി എം.എൽ.എ.യെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പൊതുചടങ്ങിൽ പങ്കെടുക്കുകയായിരുന്ന എം.എൽ.എ കളക്ടർ എസ്. സുഹാസിനെയും പൊലീസിനേയും ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് നിർദ്ദേശിച്ചു. വൈകാതെ നടപടിയുമുണ്ടായി. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ജെട്ടി സ്റ്റാൻഡിലെത്തിച്ച് യാത്രാസൗകര്യമൊരുക്കി. നായരമ്പലം അമ്മനത്ത് രാജേന്ദ്രന്റെ ഭാര്യയും കൊച്ചി മെട്രോയിൽ ഹൗസ് കീപ്പിംഗ് ജീവനക്കാരിയുമായ മഞ്ജുളകുമാരി എം.എൽ.എ.യെ വിളിച്ച് നന്ദിയും അറിയിച്ചു.