കൊച്ചി: എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തലശേരി ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതിയിൽ ഹർജി നൽകി. 2013 നവംബറിൽ പ്രതികൾക്ക് ജാമ്യം നൽകിയപ്പോഴാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഏഴര വർഷത്തിലേറെയായി നാട്ടിൽ നിന്നു വിട്ടു നിൽക്കുകയാണെന്നും കുടുംബവുമായി വേർപിരിഞ്ഞു കഴിയുകയാണെന്നും ഹർജിയിൽ പറയുന്നു. മകളുടെ വിവാഹത്തിനും വീടു നിർമ്മാണത്തിനുമൊക്കെയായി വൻ തുക ലോണെടുത്തത് തിരിച്ചടയ്ക്കാതെ കടം പെരുകിയെന്നും എറണാകുളത്ത് താമസമായതിനാൽ ഇതിന് വഴിയില്ലാതായെന്നും കാരായി രാജൻ പറയുന്നു. മാത്രമല്ല, രാജന്റെ ഭാര്യയ്ക്ക് വീണ് കാൽ മുട്ടിനു പരിക്കേറ്റിരുന്നു. ജാമ്യവ്യവസ്ഥ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും നൽകിയ ഹർജികൾ തള്ളിയിരുന്നു.
2006 ഒക്ടോബർ 22 നാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് പോയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു.