മൂവാറ്റുപുഴ: വഴിയോരങ്ങളിലെ മാമ്പഴവില്പനകേന്ദ്രങ്ങൾ വർദ്ധിക്കുന്നു. വിവിധതരത്തിലുള്ള മാമ്പഴങ്ങൾ വിലക്കുറവിൽ ലഭ്യമാണ്. കൊവിഡ് വ്യാപനം മൂലം മാമ്പഴങ്ങളുടെ വിലയും വില്പനയും കുറഞ്ഞെങ്കിലും ലോക്ക് ഇളവുകൾ തുടങ്ങിയതോടെ മൂവാറ്റുപുഴ വഴിയോരങ്ങളിലെ മാമ്പഴ വില്പപന കേന്ദ്രങ്ങൾക്ക് ജീവൻ വെച്ചു തുടങ്ങി.
സാധാരണക്കാർക്ക് വാങ്ങാൻ കഴിയാതിരുന്ന മാമ്പഴങ്ങൾ വരെ 4 കിലോ 100 രൂപക്ക് വഴിയരുകിലെ ഉന്തുവണ്ടികളിൽ നിന്നും മറ്റു വാഹനങ്ങളിൽ നിന്നും ലഭിക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങൾ കർശനമായതോടെ വലിയതോതിൽ മാമ്പഴം കയറ്റി അയക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പുറമെ അഭ്യന്തര വിപണിയിലും ആവശ്യക്കാർ കുറഞ്ഞു. ഇതാണ് കേരളത്തിലേക്ക് മാമ്പഴം കൂടുതലായി എത്താൻ കാരണമായതെന്ന് മൂവാറ്റുപുഴയിലെ ഫ്രൂട്ട്സ് മൊത്തവ്യാപാരി പി.എം.അബ്ദുൽ സലാം പറഞ്ഞു.
വേനലിന് മധുരം പകർന്നെത്തുന്ന മാമ്പഴം
വേനൽകനക്കുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് മാമ്പഴം കൂടുതൽ വില്പന നടക്കുന്നത്. മഴ തുടങ്ങിയാൽ മാങ്ങയ്ക്ക് വിലകുറയും. എന്നാൽ കൊവിഡ് കാലത്ത് മഴയെത്തുംമുമ്പേ തന്നെ മാമ്പഴത്തിനു വില കുറഞ്ഞിരുന്നു. മാമ്പഴം കൂടുതലായി എത്തിയതോടെ പകുതിയിൽ ഏറെയാണ് വില കുറഞ്ഞത്. മല്ലിക, നീലം, ബെങ്കനപ്പള്ളി, പഞ്ചവർണം, സേലം തുടങ്ങിയ ഇനങ്ങൾക്ക് വില പകുതിയായി കുറഞ്ഞു. 100 രൂപയ്ക്കു വിറ്റിരുന്ന മല്ലിക മാമ്പഴത്തിന്റെ ഹോൾസെയിൽ വില 40 രൂപയായി കുറഞ്ഞു. നീലം മാമ്പഴത്തിന് 28 രൂപ, ബെങ്കനപ്പള്ളി, പഞ്ചവർണം, സിന്ദൂരം എന്നിവയ്ക്ക് 25 രൂപ എന്നിങ്ങനെയാണ് മൊത്തവില. 45 രൂപയുണ്ടായിരുന്ന മൂവാണ്ടൻ മാമ്പഴം ഇപ്പോൾ 4 കിലോ 100 രൂപയ്ക്കാണ് വഴിയോരങ്ങളിൽ വിൽക്കുന്നത്. ഏറെ രുചിയുള്ള ഗുദാദത്ത് മാമ്പഴത്തിനും വില പകുതിയായി കുറഞ്ഞിട്ടുണ്ട് .4 കിലോ 100 രൂപ, 2 കിലോ നൂറു രൂപ തുടങ്ങി കൊവിഡ് കാലത്തെ പുതിയ വാണിജ്യ തന്ത്രങ്ങളുമായി വ്യാപാരികൾ നാടുനീളെ വഴിയോര വിപണനകേന്ദ്രം ആരംഭിച്ചതോടെ വാങ്ങാൻ സാധാരക്കാരുൾപ്പെടെ എത്തുന്നുണ്ട്.